'ലൈഫും" കാണുന്നില്ല ഈ വീട്ടമ്മയുടെ ദുരിതം  വാടക വീട്ടിൽ ദുരിതങ്ങൾക്കൊപ്പം ഇരുപത് വർഷം 

Thursday 16 February 2023 10:14 PM IST

കാസർകോട് : കഴിഞ്ഞ ഇരുപത് വർഷമായി മൊഗ്രാൽ പുത്തൂർ പഞ്ചതക്കുന്നിലെ വാടക വീട്ടിലാണ് കൂഡ്‌ലു ഗുവത്തടുക്ക സ്വദേശികളായ സുഗദേവ് -സരോജിനി ദമ്പതികളുടെ താമസം. മാറാരോഗിയായ ഗൃഹനാഥന്റെ ചികിത്സയും മകളുടെ പഠനച്ചിലവും വീട്ടുകാര്യങ്ങളും വാടകയും സരോജിനി കൂലിപ്പണിയെടുത്ത് കിട്ടുന്ന തുക കൊണ്ട് വേണം നിർവഹിക്കാൻ. ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം നിലനിൽക്കുമ്പോൾ തന്നെ താമസിച്ച രണ്ടു പഞ്ചായത്തുകളും ഇവരുടെ ആവശ്യത്തെ ഇതുവരെ പരിഗണിച്ചിട്ടില്ല.

പലതരം അസുഖങ്ങൾ ബാധിച്ച് സുഗദേവ് കഴിഞ്ഞ ഒമ്പത് വർഷമായി ജോലിക്ക് പോകുന്നില്ല. മകൾ അർപ്പിതയുടെ പ്ലസ്‌ടു പഠനവും ജീവിത ചിലവും വീട്ടുവാടകയും ഭർത്താവിന്റെ ചികിത്സയുമെല്ലാം സരോജിനിയുടെ ഉത്തരവാദിത്വമാണ്. കൺസ്ട്രക്ഷൻ, വാച്ച്മാൻ ജോലികൾ എടുത്തിരുന്ന സുഗദേവിന് വയറുവേദനയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ മഞ്ഞപ്പിത്തവും ടി.ബിയും പിടിപെട്ടു ശരീരം ഒട്ടാകെ തളർന്നു. നിവർന്ന് ഇരിക്കാൻ പോലും പറ്റാത്ത സ്ഥിതി.

മംഗലാപുരം ജ്യോതി സർക്കിളിനടുത്ത ആശ്രമത്തിൽ കഴിഞ്ഞിരുന്ന അനാഥനായ സുഗദേവ് 21 വർഷംമുമ്പ് സരോജയെ വിവാഹം ചെയ്ത ശേഷമാണ് വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. മധൂർ പഞ്ചായത്തിലും മൊഗ്രാൽ പുത്തൂരിലും മാറിമാറി താമസിച്ചു. രണ്ടു പഞ്ചായത്തുകളുടെയും മദ്ധ്യത്തിലാണ് സരോജയുടെ തറവാട് വീട് .പത്തുവർഷങ്ങൾക്ക് മുമ്പ് തന്നെ സർക്കാരിന്റെ ഭവന പദ്ധതിക്കായി അപേക്ഷ നൽകി. യോഗ്യത ഉണ്ടായിട്ടും ലൈഫിന്റെ പരിഗണനാലിസ്റ്റിൽ സരോജിനിയുടെ പേര് വന്നില്ല.

ദുരിതത്തിൽ ഒന്നാമത്:

ലൈഫ് പട്ടികയിൽ 183

മധൂർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ 183ാം സ്ഥാനത്തുണ്ട് സരോജിനി. സീനിയോറിറ്റി പട്ടികയിലുണ്ടെങ്കിലും സാങ്കേതികത്വം തടസമാകുമോയെന്ന ആശങ്ക ഇവർക്കുണ്ട്. മുമ്പ് വാടകക്ക് നിന്നിരുന്ന ഉദയഗിരിയിൽ നിന്നുള്ളതാണ് റേഷൻ കാർഡ്. എന്നാൽ വീട് ലഭിക്കേണ്ടത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഗുവത്തടുക്കയിൽ അമ്മ വഴി കിട്ടിയ മൂന്ന് സെന്റിലും. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് ലൈഫ് വീട് മാറ്റിത്തരുവാൻ പലരെയും അപേക്ഷയുമായി സമീപിച്ചെങ്കിലും പ്രയോജനം ലഭിച്ചിട്ടില്ല.

ഒന്നും ഇല്ലാതെ കഴിയുന്നത് കുറെ വർഷമായി സാർ, ജീവിക്കാൻ വകയില്ല, ഇവർക്ക് സുഖമില്ലാതായിട്ട് ഒമ്പത് വർഷമായി എന്ത് ചെയ്യാനാണ് മരുന്ന് വാങ്ങാൻ വരെ നിവൃത്തിയില്ല.

-കെ. സരോജിനി (കൂഡ്‌ലു ഗുവത്തടുക്ക

മധൂർ പഞ്ചായത്തിൽ ആയതിനാൽ അവർ ലിസ്റ്റ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് അയക്കണം. ഇത്തവണ ചെയ്തു കൊടുക്കാൻ കഴിയുമോ എന്ന് പരിശോധിച്ചിട്ട് പറയാം

-സമ്പത്ത് ( എട്ടാം വാർഡ് മെമ്പർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്