ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസ്: പുത്തൻപാലം രാജേഷ് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് പിറകുവശത്തു വച്ച് ആംബുലൻസ് ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ പുത്തൻപാലം രാജേഷ് അടക്കമുള്ള പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച പുത്തൻപാലം രാജേഷ്, സാബു എന്നിവരെയാണ് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടത്.സംഭവം കഴിഞ്ഞ് മാസങ്ങളായിട്ടും ഇവരെ പിടിക്കാൻ പൊലീസിനായില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ജനുവരി 11ന് മെഡിക്കൽ കോളേജിലെ ട്രിഡ ഷോപ്പിംഗ് കോംപ്ലക്സിന് സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളേജ് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. പുത്തൻപാലം രാജേഷിന്റെ നേതൃത്വത്തിൽ ആംബുലൻസ് ജീവനക്കാർക്കു നേരേ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകായിരുന്നു. ജീവനക്കാരുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ രാജേഷിനെ പിടികൂടാനായില്ല.