ആറ്റുകാൽ ക്ഷേത്രഭൂമിയുടെ അതിർത്തി പ്രശ്നം ഒരുമാസത്തിനകം പരിഹരിക്കും
Friday 17 February 2023 3:24 AM IST
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയം, പോക്കുവരവ്, റീസർവ്വെ അപാകതകൾ എന്നിവ ഒരു മാസത്തിനകം പരിഹരിക്കാൻ റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
വർഷങ്ങളായി വിവിധ പ്രശ്നങ്ങളിൽപെട്ട് തീരുമാനമാകാതെ കിടന്ന വിഷയങ്ങളാണ് യോഗത്തിൽ പരിഹരിക്കപ്പെട്ടത്. പ്രശ്ന പരിഹാരത്തിനായി രണ്ട് സർവ്വെയർ അടങ്ങുന്ന സ്പെഷ്യൽ ടീമിനെ നിയോഗിക്കാനും ധാരണയായി. ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് ബി. അനിൽകുമാർ , സെക്രട്ടറി കെ.ശിശുപാലൻ നായർ എന്നിവർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. യോഗത്തിൽ സർവ്വെ ഡയറക്ടർ സാംബശിവ റാവു, കളക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കമ്മീഷണർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ (ഭൂരേഖ) എന്നിവരും ക്ഷേത്രത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റും സെക്രട്ടറിയും പങ്കെടുത്തു.