പത്മനാഭസ്വാമി ക്ഷേത്രം: കെടുകാര്യസ്ഥത ആരോപിച്ചുള്ള ഹർജിയിൽ വിശദീകരണം തേടി

Friday 17 February 2023 3:29 AM IST

കൊച്ചി: തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണത്തിൽ ക്രമക്കേടുകളും കെടുകാര്യസ്ഥതയും ആരോപിക്കുന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ബി.എം.എസ് കർമ്മചാരി സംഘം പ്രസിഡന്റും ക്ഷേത്രത്തിലെ സീനിയർ ക്ളാർക്കുമായ ഉള്ളൂർ സ്വദേശി ബബിലു ശങ്കർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഷാജി. പി. ചാലിയാണ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ, അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവരോടു വിശദീകരണം തേടിയത്. ക്ഷേത്രത്തിൽ എക്സിക്യുട്ടീവ് ഓഫീസറായി ഐ.എ.എസ് - ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. നിലവിലെ എക്സിക്യുട്ടീവ് ഓഫീസർ ഈ വിഭാഗത്തിലുള്ളയാളല്ല. ക്ഷേത്രോത്സവം പോലെയുള്ള നിർണായക കാര്യങ്ങൾക്ക് ഏറ്റവും ജൂനിയറായ സ്റ്റാഫുകളെയാണ് നിയോഗിക്കുന്നതെന്നും അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിയുടെ എതിർപ്പു മറികടന്ന് ഒരു ജീവനക്കാരനെ ഇവിടെ നിയമിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.