കാട്ടുപന്നികൾ വാഴകൾ നശിപ്പിച്ചു
Thursday 16 February 2023 10:34 PM IST
നീലേശ്വരം: മടിക്കൈ തെക്കൻ ബങ്കളത്തെ പി.രാജന്റെ നാൽപതോളം നേന്ത്രവാഴകൾ കാട്ടുപന്നികൂട്ടം കുത്തിനശിപ്പിച്ചു. കുലക്കാറായ വാഴകളാണ് പന്നി നശിപ്പിച്ചവയെല്ലാം. തെക്കൻ ബങ്കളത്ത് അറുപതോളം വാഴകളാണ് രാജൻ നട്ടത്. അവശേഷിക്കുന്നവയും നശിപ്പിക്കുമോയെന്നാണ് ആശങ്ക. രാജന് പുറമെ കൺമണി രാധാകൃഷ്ണൻ, സുധാകരൻ തുടങ്ങിയവരുടെ വാഴകളും നശിപ്പിച്ചിട്ടുണ്ട്. മാസങ്ങളോളമായി ഈ ഭാഗത്ത് കാട്ടുപന്നി ശല്യം കാരണം കർഷകർ ദുരിതത്തിലാണ്. വാഴ കൃഷിക്ക് പുറമെ പച്ചക്കറി, കപ്പ, കിഴങ്ങ് തുടങ്ങിയ കാർഷിക വിളകളു പന്നി കൂട്ടം നശിപ്പിക്കുന്നുണ്ട്. ഇതുകാരണം കർഷകരുടെ സ്വപ്നങ്ങളാണ് കാട്ടുപന്നികൾ ഇല്ലാതാക്കിയത്. കാട്ടുപന്നി ശല്യം കാരണം കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ഇവിടുത്തെ കർഷകർ പറയുന്നു.