കമ്മിഷണർക്കെതിരെ കേസെടുത്തു: പൊലീസ് ഉണർന്നു, പ്രതി അകത്തായി

Friday 17 February 2023 12:37 AM IST

തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതി മുങ്ങിയ സംഭവത്തിലെ വീഴ്ചയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കോടതി കേസെടുത്തതോടെ ഉണർന്ന് പ്രവർത്തിച്ച വട്ടിയൂർക്കാവ് പൊലീസ് ബംഗളൂരുവിലെത്തി പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. കാട്ടാക്കട കോട്ടുകാൽ കുഞ്ചുവിളാകം സഞ്ജിത്താണ് പിടിയിലായത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽ കുമാറാണ് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിനെതിരെ കേസെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും കമ്മിഷണർ നാഗരാജു മാർച്ച് ആറിന് കോടതിയിൽ ഹാജരാകണമെന്ന കോടതി ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ല. മുങ്ങിനടന്ന പ്രതിയെ കാണിച്ചുകൊടുത്തിട്ടും പൊലീസ് പിടിക്കുന്നില്ലെന്ന് ജാമ്യക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കോടതി കമ്മിഷണർ മുഖേന പ്രതിക്ക് വാറണ്ടയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. വ്യക്തമായ മറുപടി ഇല്ലാതെ നിരുത്തരവാദപരമായി പൊലീസ് വാറണ്ട് മടക്കുകയും, ഇതേക്കുറിച്ച് കമ്മിഷണർ വിശദീകരണം നൽകാത്തതും കോടതിയെ ചൊടിപ്പിച്ചു.

കമ്മിഷണർക്കെതിരെ കേസെടുത്ത കോടതി, പ്രതിയുടെ ജാമ്യക്കാരനായ കാട്ടാക്കട സ്വദേശി ജോണിനോട് 50,000 രൂപ അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2018 മാർച്ച് 23 നാണ് കാഞ്ഞിരംപാറ കൈരളിനഗറിൽ വച്ച് സഞ്ജിത്തിൽ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടിയത്. ജാമ്യമെടുത്ത പ്രതി മുങ്ങിയതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസ് അനങ്ങിയിരുന്നില്ല. തുടർന്ന് കോടതി ജാമ്യക്കാരന് സമൻസ് അയച്ചിരുന്നു.