കോളേജിലെ പെൺസുഹൃത്തുക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം 

Friday 17 February 2023 1:41 AM IST

വർക്കല: വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ ഒരു സംഘം മർദ്ദിച്ചതായി പരാതി. വർക്കല ശ്രീ നാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദ്ദനമേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്ന് വർക്കല ശിവഗിരി കോളേജ് റോഡിൽ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 ഓളം പേരാണ് തങ്ങളെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ഇവർ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ഏഴോളം വിദ്യാർത്ഥികളിൽ നാല് പേർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.

പരിക്കേറ്റ അഖിൽ മുഹമ്മദ്,വിപിൻ,സിബിൻ,ആഷിക് എന്നിവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ സഹപാഠിയായ അജ്മലിന്റെ സുഹൃത്തുക്കൾ പതിവായി ഇവരുടെ കോളേജിൽ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സഹപാഠികളായ പെൺസുഹൃത്തുക്കളെ ശല്യം ചെയ്യുന്ന രീതിയിൽ ഇവർ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസേജുകൾ അയച്ചത് കോളേജിൽ വച്ച് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.