ത്രിപുരയിൽ 80 ശതമാനം പോളിംഗ്, അവസാന മണിക്കൂറിലും ബൂത്തുകളിൽ വോട്ടർമാരുടെ വൻ നിര

Friday 17 February 2023 12:13 AM IST

ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് അന്തിമ കണക്കുകൾ ലഭിക്കുമ്പോൾ ശതമാനം ഉയരുമെന്നാണ് കരുതുന്നത്. അവസാന മണിക്കൂറിലും ബൂത്തുകളിൽ വോട്ടർമാരുടെ വൻ നിരയായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 89.38 ശതമാനമായിരുന്നു പോളിംഗ്. വോട്ടെടുപ്പ് അവസാനിക്കുന്ന 4 മണിക്ക് ക്യൂവിൽ നിന്നവർക്കെല്ലാം ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു. മാർച്ച് 2നാണ് വോട്ടെണ്ണൽ.

നൽച്ചാർ (87.2), ജലായ്ബഡി (86.2), സിമ്ന(85.8),ഹർഷ്മുഖ്(85.7) എന്നീ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നപ്പോൾ കക്രബാൻ - സൽഗര (76.8), കൈലാഷഹർ (76.5), കടംതല - കുർത്തി (76.5), പഞ്ചാർത്താൽ (76), ബാഗ്ബാസ (74) മണ്ഡലങ്ങളിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ്.

ബി.ജെ.പി, സി.പി.എം മുന്നണികളും തിപ്രമോത പാർട്ടിയും പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. വോട്ടെടുപ്പിന്റെ തലേ ദിവസം തുടങ്ങിയ ചെറിയ സംഘർഷങ്ങൾ വോട്ടെടുപ്പ് ദിനത്തിലും തുടർന്നു. വ്യത്യസ്ത അക്രമ സംഭവങ്ങളിൽ ഒരു സി.പി.എം നേതാവിനും ഇടത് മുന്നണിയുടെ രണ്ട് പോളിംഗ് ഏജന്റുമാർക്കും പരിക്കേറ്റു. പോളിംഗിനിടെ 45 സ്ഥലങ്ങളിൽ ഇ.വി.എം മെഷീനുകൾ തകരാറിലായി. ഇത് പരിഹരിച്ച ശേഷം പോളിംഗ് തുടർന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ തന്നെ 69.96 ശതമാനം വോട്ടുകൾ പോൾ ചെയ്തിരുന്നു.

പല മണ്ഡലങ്ങളിലും ബി.ജെ.പി പിന്തുണയുള്ള സാമൂഹ്യ വിരുദ്ധർ വോട്ട് ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ തടഞ്ഞതായി മുൻ മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാർ ആരോപിച്ചു. ബി.ജെ.പി വ്യാപകമായി ബൂത്ത് പിടിച്ചെടുക്കലും അക്രമവും നടത്തിയതായി കോൺഗ്രസും ആരോപിച്ചു. എന്നാൽ, മുൻ കാലങ്ങളെ അപേക്ഷിച്ച് അക്രമങ്ങൾ കുറവായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനും ബി.ജെ.പിക്കും

നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബി.ജെ.പി, കോൺഗ്രസ് പാർട്ടികളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകളിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് ചീഫ് ഇലക്ടറൽ ഓഫീസർ കോൺഗ്രസിനും ബി.ജെ.പിക്കും നോട്ടീസ് നൽകി. ഇത്തവണ ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം - കോൺഗ്രസ് മുന്നണി. തിപ്രമോത പാർട്ടിയും പ്രതീക്ഷ വച്ച് പുലർത്തുന്നു.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കാർഡ് പോളിംഗ് രേഖപ്പെടുത്താൻ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താൻ യുവാക്കളോട് പ്രത്യേകം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേതാക്കൾ തന്നോട് സംസാരിച്ചു,

ബി.ജെ.പിക്കാരെ വിലയ്ക്ക് വാങ്ങും : പ്രത്യുദ് ദേബ്

അമിത് ഷായും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും തന്നോട് സംസാരിച്ചതായി തിപ്രമോത പാർട്ടി ചെയർമാൻ പ്രത്യുദ് ദേബ് ബർമ്മൻ പറഞ്ഞു. എന്നാൽ, തന്റെ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി.ജെ.പി എം.എൽ.എമാരെ വാങ്ങാൻ ഉദ്ദേശിച്ചിരുന്നതായും പ്രദ്യുത് അവകാശപ്പെട്ടു. 30 സീറ്റുകൾ നേടിയാൽ ബി.ജെ.പി എം.എൽ.എമാരെ വിലക്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. തന്റെ കൊട്ടാരത്തിന്റെ ചില ഭാഗം വിറ്റ് ബി.ജെ.പി എം.എൽ.എമാരെ വാങ്ങാനായിരുന്നു ആലോചന. എന്ത് കൊണ്ടാണ് മറ്റുള്ളവർ മാത്രമാണ് വില്പനയ്ക്കുള്ളതെന്ന് കരുതുന്നത് ? ബി.ജെ.പിയിൽ നിന്നുള്ള എം.എൽ.എമാരെയും പണം കൊടുത്ത് വാങ്ങാം. ഇത്തവണ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. തിപ്രമോത പാർട്ടി 31 സീറ്റ് നേടുമെന്നും പ്രദ്യുദ് ദേബ് പറഞ്ഞു.

Advertisement
Advertisement