മോഹിനിയാട്ടത്തിൽ അരങ്ങേറി പെരുവനത്തിന്റെ പ്രിയതമ ഗീത
പെരുവനം ക്ഷേത്ര സന്നിധിയിൽ മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ പ്രിയതമ ഗീത മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
ചേർപ്പ്: പെരുവനം ക്ഷേത്ര സന്നിധിയിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ പ്രിയതമ ഗീത. കഴിഞ്ഞ ദിവസം പെരുവനം മഹാദേവ ക്ഷേത്രത്തിൽ നടന്ന ശിവരാത്രി മഹോത്സവ കലാവേദിയിലാണ് ഗീത കുട്ടൻ മാരാർ തന്റെ നടനമോഹനം അരങ്ങേറ്റം കുറിച്ചത്. കലാലയ പഠനകാലത്ത് നൃത്തത്തിൽ സജീവമായിരുന്നെങ്കിലും വിവാഹ ശേഷം ആഗ്രഹം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ഗീത പറഞ്ഞു. നൃത്തം തുടർന്ന് വേദികളിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും അവർ പറഞ്ഞു. കൊവിഡ് കാലത്ത് ഒഴിവ് വേളകളിൽ തായംകുളങ്ങര സുബ്രഹ്മണ്യ കലാക്ഷേത്രം നൃത്താദ്ധ്യപികയായ ശാന്തി ആനന്ദിന്റെ കീഴിൽ ഓൺലൈനായി പരിശീലനം പുനരാരംഭിക്കുകയായിരുന്നു. നൃത്ത രംഗത്ത് പൂർണ പിന്തുണയുമായി ഭർത്താവ് കുട്ടൻ മാരാരും ഗീതയ്‌ക്കൊപ്പമുണ്ട്. മക്കളായ കാർത്തികും കവിതയും അമ്മയുടെ നൃത്ത കലാസപര്യയ്ക്ക് പ്രോത്സാഹനമേകുന്നു.