ഇന്ത്യാവിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ ഉപകരണമാക്കുന്നു: ആർഎസ്എസ് മുഖപത്രം

Friday 17 February 2023 1:32 AM IST

ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ ഉപകരണമാക്കുന്നതായി ആർ.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ. എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ വിമർശനം. ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി 3ന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ബി.ബി.സി ഡോക്യുമെന്ററി അസത്യവും ഭാവനയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

രാഷ്ട്രതാല്പര്യം സംരക്ഷിക്കുന്നതിനായാണ് സുപ്രീംകോടതി സൃഷ്ടിക്കപ്പെട്ടതും

സംരക്ഷിക്കപ്പെടുന്നതും. ഇന്ത്യക്കാർ നൽകുന്ന നികുതിയിലാണ് സുപ്രീംകോടതി പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയെന്നതാണ് സുപ്രീംകോടതിയുടെ കടമ. എന്നാൽ, ഇന്ത്യയുടെ ശത്രുക്കൾക്ക് വഴി തെളിക്കാനുള്ള ശ്രമങ്ങളിൽ സുപ്രീംകോടതിയെ ഉപകരണമായി ഉപയോഗിക്കുകയാണ്. മനുഷ്യാവകാശങ്ങളുടെ പേരിൽ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങൾ സഹിതം മുഖപ്രസംഗം വ്യക്തമാക്കുന്നു. ദേശവിരുദ്ധ ശക്തികൾ അവരുടെ അജൻഡ നടപ്പിലാക്കാൻ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും നാഗരികതയുടെ മാനദണ്ഡങ്ങളും ഉപയോഗിക്കുന്നു. അവർക്ക് രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മതപരിവർത്തനത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താനും അവകാശമുണ്ടെന്ന് ഉറപ്പാക്കുകയാണ് അടുത്ത പടി നടക്കാൻ പോകുന്നത്. ഈ അവകാശങ്ങൾ വിനിയോഗിക്കണമെങ്കിൽ അവർക്ക് ഇന്ത്യൻ നിയമങ്ങളുടെ സംരക്ഷണം ലഭിക്കണമെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.

മുമ്പ് കൊളീജിയത്തെയും വിമർശിച്ചു

വിമർശനത്തിന്റെ വാതിലുകൾ അടക്കുന്നത് ജുഡിഷ്യറിക്ക് നല്ലതല്ലെന്നായിരുന്നു രണ്ട് മാസം മുമ്പ് പാഞ്ചജന്യ നൽകിയ കവർ സ്റ്റോറിയിൽ ചൂണ്ടിക്കാട്ടിയത്. കൊളീജിയം സംവിധാനത്തിലൂടെ സ്വന്തം നിയമനം നടത്താനുള്ള അവകാശം ആരും കോടതിക്ക് നൽകിയിട്ടില്ല. സർക്കാരിന്റെ ആയുധ ഇടപാടുകൾ മുതൽ ചില ഹർജികളിൽ അർദ്ധരാത്രി കഴിഞ്ഞും വാദം കേൾക്കാൻ തയ്യാറായത് വരെ പലതിലും കോടതികൾ ഏകപക്ഷീയമായ അധികാരം പ്രയോഗിച്ചു. ഇന്ത്യ ലോകത്തിലെ പഴക്കം ചെന്ന ജുഡിഷ്യറിയുടെ ആസ്ഥാനമാണ്. വിധി പറയുക മാത്രമല്ല നീതി നിർവഹിക്കുകയെന്നതാണ് ചുമതല. അത് കൊണ്ടാണ് മറ്റേതൊരു സ്ഥാപനത്തെക്കാളും ജുഡിഷ്യറി ബഹുമാനിക്കപ്പെടുന്നതിന്റെ കാരണവും. എന്നാൽ, ബഹുമാനം വാങ്ങാൻ കഴിയുന്ന ഒന്നല്ല. ബഹുമാനം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ചുമതലകളിൽ പരാജയപ്പെട്ടാൽ അത് ചരിത്രം രേഖപ്പെടുത്തും. അത്തരം നടപടികൾ തിരുത്തണമെന്നും പാഞ്ചജന്യ ചൂണ്ടിക്കാട്ടിയിരുന്നു.