തിരുവില്വാമലയിൽ 91 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
തൃശൂർ: തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളിൽ കൃഷിനാശമുണ്ടാക്കിയ 91 കാട്ടുപന്നികളെ തിരുവില്വാമല പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചുകൊന്നു. രണ്ട് ദിവസമായി രാത്രി, 20 മണിക്കൂർ നടത്തിയ വേട്ടയിൽ വെടിവച്ചുകൊന്ന പന്നികളെ തിരുവില്വാമലയിലെ അപ്പേക്കാട്ട് കുഴികുത്തി സംസ്‌കരിച്ചു.
മലപ്പുറം മങ്കടയിലെ വിവിധ ക്‌ളബുകളിൽ നിന്നെത്തിയ പന്ത്രണ്ടംഗ ഷൂട്ടർമാരുടെ സംഘവും സഹായികളുമാണ് പന്നികളെ കൊന്നത്. ഇതേസംഘം ഒറ്റപ്പാലത്തും പരിസരങ്ങളിലും പന്നിവേട്ട നടത്തിയിരുന്നു. പന്നിവേട്ടയ്ക്ക് ലൈസൻസുള്ള തോക്കുടമകളുടെ പാനൽ വനംവകുപ്പ് തയ്യാറാക്കിയിരുന്നു. ഈ പാനലിലുള്ളവരാണ് ദൗത്യസംഘം. തിരുവില്വാമലയിലെ അപ്പേക്കാട്, ഒരളാശ്ശേരി, പട്ടിപ്പറമ്പ്, പാമ്പാടി, കൊക്കേട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലും കൊണ്ടാഴിയിലെ ചില പ്രദേശങ്ങളിലുമായിരുന്നു വേട്ട. നേരത്തെ പകൽ നടത്തിയ വേട്ടയിൽ പത്തോളം പന്നികളെ ഇതേ സംഘം കൊന്നിരുന്നു. സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെയും കൃഷിക്കാരുടെയും സഹായത്തോടെ പന്നിശല്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി സംഘം വേട്ടക്കിറങ്ങിയത്. കെ.പി.ഷാൻ, അലി നെല്ലങ്കര, ദേവകുമാർ, വിജയകുമാർ, വി.കെ.തോമസ്, സിബി രാജേഷ്, മുരുകപ്പൻ തുടങ്ങിയവരായിരുന്നു ഷൂട്ടർമാർ.
പന്നിശല്യം മൂലം കർഷകർ അനുഭവിക്കുന്ന വിഷമം കണ്ടറിഞ്ഞാണ് ഞങ്ങൾ സൗജന്യ സേവനത്തിനിറങ്ങിയത്.
കെ.പി.ഷാൻ,
സംഘാംഗം
ഷൂട്ടർമാർക്ക് പ്രതിഫലം നൽകാൻ പഞ്ചായത്തിന് പ്രത്യേകം ഫണ്ടൊന്നുമില്ല. ഭക്ഷണവും യാത്രാച്ചെലവും മാത്രം നൽകുന്നു. കർഷകരുടെ സഹായം തേടും.
പത്മജ, പഞ്ചായത്ത് പ്രസിഡന്റ്, തിരുവില്വാമല.