ചത്തകുരങ്ങുകളിൽ ന്യൂമോണിയ: പ്രതിരോധ നടപടികളുമായി വനംവകുപ്പ്

Thursday 16 February 2023 11:58 PM IST
കുരങ്ങുകളുടെ ജഡം കണ്ടെത്തിയ ഏഴാറ്റുമുഖം എണ്ണപ്പനത്തോട്ടം

ചാലക്കുടി: ഏഴാറ്റുമുഖത്ത് ചത്ത കുരങ്ങുകൾക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് വനമേഖലയിലും പ്ലാന്റേഷനിലും മുൻകരുതൽ നപടികളുമായി വനം വകുപ്പ്. ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. തോട്ടത്തിലെ എല്ലാ മരങ്ങളിലും കുരങ്ങുകൾ കയറുന്നതിനാൽ തൊഴിലാളികൾ സ്വയം സുരക്ഷാ സംവിധാനം ഒരുക്കിവേണം ജോലിക്ക് പോകാനെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു. എല്ലാവരും ഗ്ലൗസും ധരിക്കണം, ലയങ്ങളിലെ താമസക്കാരുടെ വളർത്തു മൃഗങ്ങളെ കരുതലോടെ നിരീക്ഷിക്കണം, ഏതെങ്കിലും രോഗലക്ഷണം കണ്ടാൽ പ്രതിരോധ നടപടികളും കൈക്കൊള്ളമെന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കുരങ്ങിന്റെ ജഡമാണ് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി ന്യൂമോണിയ സ്ഥിരീകരിച്ചത്. പുഴയോരത്ത് കാണപ്പെട്ട മറ്റ് രണ്ടെണ്ണത്തിന്റെ ജഡം കോടനാട് സംസ്‌കരിച്ചു. ജീവനോടെ കുരങ്ങുകളെ കണ്ടെത്തി പരിശോധനയ്ക്ക് വിധേമാക്കുന്നതിന് നടന്ന ശ്രമം വിജയിച്ചില്ലെന്ന് വാഴച്ചാൽ ഡി.എഫ്.ഒ അറിയിച്ചു. ആളുകളെ കാണുമ്പോൾ ഇവ കൂട്ടത്തോടെ മരത്തിന്റെ മുകളിലേയ്ക്ക് കയറിപ്പോകുകയാണ്. അടുത്ത ദിവസങ്ങളിലും കുരങ്ങുകളെ പിടികൂടാൻ ഉദ്യോഗസ്ഥർ കാടുകളിൽ സഞ്ചരിക്കും.

ജാഗ്രതാനിർദ്ദേശം ഇവ

ചത്തു കിടക്കുന്ന കുരങ്ങുകൾ അടക്കമുള്ള ജന്തുക്കളെ കണ്ടാൽ ആരും തൊടരുത്.
അവശ നിലയിൽ കുരങ്ങുകളെ കണ്ടെത്തിയാൽ ഉടനെ വനപാലകരെ അറിയിക്കണം.
വളർത്തുമൃഗങ്ങളെ നീരീക്ഷിക്കുകയും അവയെ തത്കാലം അലഞ്ഞു തിരിയാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക.

Advertisement
Advertisement