രൺജിത്ത് ശ്രീനിവാസൻ വധം:  പ്രതികൾക്ക് വേണ്ടി ഡിഫെൻസ് കൗൺസിൽ ഹാജരാകും

Friday 17 February 2023 12:07 AM IST
രൺജിത്ത് ശ്രീനിവാസൻ

ആലപ്പുഴ: അഭിഭാഷകനും ബി.ജെ.പി നേതാവമായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വേണ്ടി കേരളാ ലീഗൽ സർവീസ് അതോറിട്ടി പുതുതായി രൂപം നൽകിയ ഡിഫെൻസ് കൗൺസിൽ സിസ്റ്റത്തിലെ ആലപ്പുഴ ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ പി.പി.ബൈജുവും ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ എസ്.സുജിത്തും ഹാജരാകാൻ മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജ് സുജാത ഉത്തരവിട്ടു. ഒന്ന് മുതൽ പതിനാലു വരെ പ്രതികൾക്ക് വേണ്ടിയാണ് ഇവർ ഹാജരാവുക. പതിനഞ്ചം പ്രതി സ്വയം അഭിഭാഷകനെ നിയോഗിക്കുകയും അഡ്വ.പി.എ.ഹാരിസ് പ്രതിയ്ക്കു വേണ്ടി കോടതിയിൽ മെമ്മോ ഫയലാക്കുകയും ചെയ്തിട്ടുണ്ട്.

കേസിന്റെ വിചാരണ മാർച്ച് ഒന്നിന് ആരംഭിക്കും. ഡിഫെൻസ് കൗൺസിൽ ചീഫിനു പ്രതികളെ ജയിലിൽ കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും കോടതി അനുമതി നൽകി.