തിരയിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി
Friday 17 February 2023 1:08 AM IST
ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് തിരയിൽപ്പെട്ട യുവതിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.45നായിരുന്നു സംഭവം. വിവിധ ക്ഷേത്രങ്ങളിലെ ദർശനത്തിന് ശേഷം കടൽ കാണാനെത്തിയ പെരുമ്പാവൂർ സ്വദേശികളായ എട്ടംഗ സംഘത്തിലെ യുവതിയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ മുതൽ തിരമാല ശക്തമായതിനാൽ ലൈഫ് ഗാർഡുമാർ ആരെയും വെള്ളത്തിലിറങ്ങാൻ അനുവദിച്ചിരുന്നില്ല. ഗാർഡ് വിസിലടിക്കുന്നത് കേട്ടിട്ടും അവഗണിച്ചിറങ്ങിയപ്പോഴാണ് മിലിട്ടറി ഓഫീസറുടെ ഭാര്യയായ യുവതി അപകടത്തിൽപ്പെട്ടത്. ലൈഫ് ഗാർഡുകളായ അനിൽകുമാർ, എസ്.ഷിബു, വിനോദ്, ബിജു ചാക്കോ എന്നിവർ കടലിൽ ചാടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.