കേരള ബാങ്കിൽ അക്കൗണ്ടിനായി കർഷകരുടെ നെട്ടോട്ടം
കുട്ടനാട്: നെല്ലുവില വേഗം ലഭ്യമാക്കാൻ സപ്ലൈകോയും കേരളബാങ്കും കരാറിലെത്തിയതോടെ കേരള ബാങ്ക് അക്കൗണ്ടുകൾക്കായി കർഷകരുടെ നെട്ടോട്ടം. 200 കോടി രൂപ കർഷകർക്ക് ലഭ്യമാക്കുക എന്നതാണ് കരാറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
കേരളബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്ക് മാത്രമേ സിവിൽസപ്ലൈസ് മുഖേന സംഭരിക്കുന്ന നെല്ലിന്റെ വില ലഭ്യമാകൂ. ഇതോടെ മറ്റ് ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടായിരുന്നവർ കേരളബാങ്ക് ശാഖകളിൽ പുതിയ അക്കൗണ്ട് തുടങ്ങേണ്ട അവസ്ഥയിലാണ്. കൊയ്ത്ത് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതിയ അക്കൗണ്ടുകളെടുത്താൽ മാത്രമേ വിളവെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ് എഴുതാനും വിലയോ വായ്പയോ സംഘടിപ്പിക്കാനും കഴിയുകയുള്ളൂ. കൊയ്ത്തും സംഭരണവും പൂർത്തിയായി മാസങ്ങൾ കഴിഞ്ഞാലും നെല്ലു വില ലഭിക്കാറില്ലെന്ന കർഷകരുടെ പരാതിക്ക് പരിഹാരം കാണാനാണ് സിവിൽ സപ്ലൈസും കേരളബാങ്ക് അധികൃതരും ധാരണയിലെത്തിയത്. കുട്ടനാടൻ മേഖലയിൽ നെടുമുടി, മങ്കൊമ്പ്, പുളിങ്കുന്ന് എന്നിവിടങ്ങളിലാണ് കേരളബാങ്ക് ശാഖകളുള്ളത്.