മഹാരാഷ്‌ട്ര ശിവസേനയിലെ തർക്കം; ഗവർണർക്ക് രാഷ്‌ട്രീയം വേണ്ടെന്ന് സുപ്രീംകോടതി

Friday 17 February 2023 12:13 AM IST

ന്യൂ ഡൽഹി : ഗവർണർക്ക് രാഷ്‌ട്രീയം വേണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നിലവിലിരിക്കെ അദ്ദേഹത്തിന് നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന നബാം റെബിയ കേസിലെ വിധി ചൂണ്ടിക്കാട്ടിയതോടെ ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു കോടതി. മഹാരാഷ്‌ട്ര ശിവസേനയിലെ തർക്കം സംബന്ധിച്ച ഹ‌ർജികൾ പരിഗണിക്കവേയാണ് നിയമപ്രശ്‌നം ഉയർന്നുവന്നത്.

ഉദ്ധവ് താക്കറെ വിഭാഗമാണ് നബാം റെബിയ കേസിലെ വിധി ഉയർത്തി കൊണ്ടുവന്നത്. അയോഗ്യത മറികടക്കാൻ സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നൽകിയാൽ മതിയെന്ന സാഹചര്യമാണ് വിധി സൃഷ്‌ടിച്ചത്. അതിനാൽ വിധി വിശാല ബെഞ്ചിലേക്ക് അയച്ച് പുനഃപരിശോധിക്കണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം. മഹാരാഷ്‌ട്ര ഗവ‌ർണർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഏക്‌നാഥ് ഷിൻഡെ വിഭാഗവും ആവശ്യത്തെ എതിർത്തു.

ശിവസേനയിലെ അധികാരത്തർക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് തടയാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല.