ആയുർവേദ മ്യൂസിയവും ഖാദി നൂൽനൂൽപ്പു കേന്ദ്രവും സന്ദർശിച്ച് വിദ്യാർത്ഥികൾ

Friday 17 February 2023 12:20 AM IST

തൃശൂർ: ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ മ്യൂസിയവും അവിണിശ്ശേരി ഖാദി നൂൽനൂൽപ്പു കേന്ദ്രവും വേലൂർ ആർ.എസ്.ആർ.വിയിലെ സംസ്‌കൃതം വിദ്യാർത്ഥികൾ സന്ദർശിച്ചു. കുട്ടികൾക്ക് ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മ്യൂസിയം കോ - ഓർഡിനേറ്റർ അനിൽകുമാർ ക്ലാസ് നയിച്ചു. ജീവിതശൈലീ രോഗങ്ങൾ, ഭക്ഷണരീതി, ആയുർവേദാചാര്യന്മാർ, ഔഷധങ്ങൾ എന്നിവ വിശദീകരിച്ചു.

ഖാദി നൂൽനൂൽപ്പു കേന്ദ്രത്തിൽ വസ്ത്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രൊഡക്ഷൻ മാനേജർ അഭിലാഷ് ക്ലാസെടുത്തു. നൂലുകളിൽ ചായം ചേർക്കുന്നതും മരചക്കിൽ എണ്ണ ആട്ടുന്നതും കുട്ടികൾക്ക് കൗതുകം പകർന്നു. സംസ്‌കൃതം ക്ലബ്ബ് കോ- ഓർഡിനേറ്ററും സംസ്‌കൃത അദ്ധ്യാപികയുമായ ഷെൻഷി പാങ്ങിൽ, അദ്ധ്യാപകരായ ശ്രീലേഖ, സിനി, ബിന്ദു, പി.ടി.എ പ്രതിനിധി ബീന ഷാജി, ഓഫീസ് പ്രതിനിധി സുജിത് ബാബു എന്നിവരും പങ്കെടുത്തു.