ആക്രമിച്ചാൽ തങ്ങളും യുദ്ധത്തിൽ ചേരും: ബെലറൂസ്

Friday 17 February 2023 6:28 AM IST

മിൻസ്ക് : തന്റെ രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ യുക്രെയിനെതിരെ റഷ്യയ്ക്കൊപ്പം ചേർന്ന് പോരാട്ടം നടത്താൻ തങ്ങൾ തയാറാകുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ. ബെലറൂസിന്റെ മണ്ണിൽ പ്രവേശിച്ച് ഒരാളെയെങ്കിലും വധിച്ചാൽ അതുണ്ടാകുമെന്നും ലുകാഷെൻകോ മുന്നറിയിപ്പ് നൽകി.

ബെലറൂസിനെതിരെ ആരെങ്കിലും ആക്രമണം നടത്തിയാൽ പ്രതികരണം കഠിനമാകുമെന്നും യുദ്ധത്തിന്റെ സ്വഭാവം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്നും ലുകാഷെൻകോ കൂട്ടിച്ചേർത്തു. റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലറൂസ്. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് യുക്രെയിനെ ആക്രമിക്കാൻ ബെലറൂസ് അതിർത്തിയും റഷ്യൻ സൈന്യം ഉപയോഗിച്ചിരുന്നു.