മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് സ്രാവ്

Friday 17 February 2023 6:29 AM IST

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് ഗ്രേറ്റ് വൈറ്റ് ഷാർക്ക്. ജനുവരി 5ന് മെക്സിക്കോ തീരത്ത് ഗൾഫ് ഒഫ് കാലിഫോർണിയയിലെ ടൊബാരി ബേ മേഖലയിലായിരുന്നു സംഭവം. മാനുവൽ ലോപസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്രാവുകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ തല കടിച്ചെടുത്തത് വളരെ അപൂർവമാണെന്ന് ഗവേഷകർ പറയുന്നു. സംരക്ഷിത ഇനത്തിൽപ്പെടുന്ന സ്രാവ് സ്പീഷീസാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക്.

ലോപസിനെ സ്രാവ് ഇരയെന്ന് തെറ്റിദ്ധരിച്ചതാകാം ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സ്കൂബ പോലുള്ള ഉപകരണങ്ങൾ ധരിച്ച് കടലിൽ നീന്തവെയായിരുന്നു ലോപസിനെ സ്രാവ് ആക്രമിച്ചത്. ലോപസിന്റെ തല സ്രാവ് കടിച്ചെടുക്കുന്ന ഭീകര ദൃശ്യം ഒപ്പമെത്തിയ രണ്ട് മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു. എന്നാൽ ഇവർ ബോട്ടിലായിരുന്നു.

സീലുകളെ മറ്റോ ആകാമെന്ന് കരുതിയാണ് സ്രാവുകൾ പലപ്പോഴും മനുഷ്യരെ ആക്രമിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. കാലുകളിലും മറ്റും കടിച്ചാലും ഇരയല്ലെന്ന് മനസിലാകുന്നതോടെ ഉപേക്ഷിക്കാറുണ്ട്. എന്നാൽ കടുത്ത വിശപ്പ് മുന്നിൽ കാണുന്ന എന്തിനെയും ആക്രമിക്കാൻ ഇവയെ പ്രേരിപ്പിച്ചേക്കാം. ഈ വർഷത്തെ ഏറ്റവും അപകടകരമായ സ്രാവ് ആക്രമണമാണ് ഇതെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇതേ മേഖലയിൽ ഒരാൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

20ാം നൂ​റ്റാണ്ടിൽ ഗ്രേ​റ്റ് വൈ​റ്റ് ഷാർക്കുകൾ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ ഇവ പുനഃരുജ്ജീവനത്തിന്റെ പാതയിലാണ്. കടലിലെ ഏറ്റവും വലിയ ഇരപിടിയൻമാരിൽ ഒന്നാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ. മനുഷ്യനെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള സ്രാവ് സ്പീഷീസും ഇതാണ്.