പാകിസ്ഥാനിൽ പെട്രോളിന് 272 രൂപ

Friday 17 February 2023 6:31 AM IST

കറാച്ചി : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വീണ്ടും പ്രഹരമേല്പി​ച്ച് പാക് ഭരണകൂടം. പെട്രോളിന് ഒറ്റയടിക്ക് 22.20 പാകിസ്ഥാനി രൂപ കൂട്ടി, ലിറ്ററിന് 272 രൂപയായി (85.12 ഇന്ത്യൻ രൂപ) . ഡീസൽ ലിറ്ററിന് - 280 പാകിസ്ഥാനി രൂപ (87.61 ഇന്ത്യൻ രൂപ),​ ​ മണ്ണെണ്ണ - 202.73 രൂപ (63.43 ഇന്ത്യൻ രൂപ),​ ലൈറ്റ് ഡീസൽ ഓയിൽ -196.68 രൂപ (61.54 ഇന്ത്യൻ രൂപ )എന്നിങ്ങനെയാണ് പുതിയ നിരക്കെന്ന് ധനമന്ത്രാലയം അറിയിച്ചു. പുതിയ നികുതികൾ ഏർപ്പെടുത്തിയ മിനി ബ‌ഡ്ജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കകമാണ് ഇന്ധന വില ഉയർന്നത്.

പുതുക്കിയ വില ഇന്നലെ പുലർച്ചെ തന്നെ നിലവിൽ വന്നു. ഇതോടെ ഇന്ധനവില കഴിഞ്ഞ മാസമുണ്ടായ റെക്കാഡ് ഉയർച്ചയെ മറികടന്ന് സർവകാല റെക്കാഡിലെത്തി. ഡോളറിനെതിരെ പാക് കറൻസിയുടെ മൂല്യം ഇടിഞ്ഞു താഴ്ന്നതും വില വർദ്ധനയ്ക്ക് ആക്കം കൂട്ടി. നിത്യോപയോഗ വസ്തുക്കൾക്കും വില കുത്തനെ ഉയരും. പാകിസ്ഥാനിലെ പണപ്പെരുപ്പം ഈ വർഷം പകുതി ശരാശരി 33 ശതമാനമാകുമെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement