ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ 248 മണിക്കൂർ, 17കാരി ജീവനോടെ മരണം 42,000 കടന്നു
Friday 17 February 2023 6:32 AM IST
ഇസ്താംബുൾ : തുർക്കിയിലെ കാഹ്‌റമാൻമറാസ് നഗരത്തിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് 17കാരിയെ ഇന്നലെ ജീവനോടെ പുറത്തെടുത്തു. നീണ്ട 248 മണിക്കൂറാണ് പെൺകുട്ടി കുടുങ്ങിക്കിടന്നത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി 6നാണ് തെക്ക് - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രതയിലെ അതിശക്തമായ ഭൂകമ്പവും തുടർചലനങ്ങളുമുണ്ടായത്.
ഒരാഴ്ച പിന്നിട്ടതിനാൽ ജീവനോടെ ആരെയെങ്കിലും ഇനി രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങി. പല മേഖലകളിലും തെരച്ചിൽ അവസാനിപ്പിച്ച് രക്ഷപ്പെടുത്തിയവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. അതേസമയം, മരണ സംഖ്യ 42,000 കടന്നു. തുർക്കിയിൽ 36,000ത്തിലേറെ പേരും സിറിയയിൽ 6,000 ത്തോളം പേരും മരിച്ചു.