ലോകത്തിലെ 27 പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ വിജയിപ്പിച്ചു, ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടുവെന്ന് പറയുന്ന ഇസ്രയേലിന്റെ 'ടീം ഹോർഹെ' വല്ലാത്തൊരു ദുരൂഹലോകമാണ്

Friday 17 February 2023 10:11 AM IST

ലണ്ടൻ : ഇന്ത്യയടക്കം മുപ്പതിലേറെ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഇസ്രയേലിന്റെ നേതൃത്വത്തിൽ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ. പ്രത്യേക സോഫ്റ്റ്‌വെയർ വഴി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയാണ് ഇവർ തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചതെന്ന് ഏതാനും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചേർന്ന നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേലി സ്പെഷ്യൽ ഫോഴ്സിലെ മുൻ ഉദ്യോഗസ്ഥനായ താൽ ഹാനൻ ( 50 ) എന്നയാളുടെ നേതൃത്വത്തിലുള്ള ' ടീം ഹോർഹെ' എന്ന സംഘമാണ് ഇടപെടൽ നടത്തിയത്. ഉപഭോക്താക്കളെന്ന വ്യാജേന ഇവരെ സമീപിച്ച മൂന്ന് മാദ്ധ്യമ പ്രവർത്തകരാണ് ഈ വിവരങ്ങൾ ചോർത്തിയത്. 2022 ജൂലായ് - ഡിസംബർ കാലത്താണ് ഇവർ ഹാനനെ കണ്ടത്. ലഭിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാദ്ധ്യമമായ ഗാർഡിയൻ പുറത്തുവിട്ടു. ലെ മോണ്ട്, എൽ പാസ് തുടങ്ങിയ 30 മാദ്ധ്യമ സ്ഥാപനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി.

' ഹോർഹെ" എന്ന് അറിയപ്പെടുന്ന താൽ ഹാനൻ രണ്ട് ദശാബ്ദത്തിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ രഹസ്യമായി ഇടപെടുന്നുണ്ട്. വലിയ ടെക് പ്ലാറ്റ്ഫോമുകളെ വെല്ലുന്നതാണ് ഇവരുടെ സോഷ്യൽ മീഡിയയിലെ പ്രചാരണം.

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ സ്വകാര്യ കമ്പനികൾ മുതൽ ഇന്റലിജൻസ് ഏജൻസികൾക്ക് വരെ ഇവർ സേവനം നൽകും. ടീം ഹോർഹെയുടെ പിന്നിൽ ആയിരക്കണക്കിന് പേരുണ്ട്. ട്വിറ്റർ,​ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഇവരുടെ ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണ് വ്യാജ പ്രചാരണവും തട്ടിപ്പും ഹാക്കിംഗും.

തിരഞ്ഞെടുപ്പ് കൂടാതെ, വാണിജ്യ മേഖലകളിലും ഇവർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറമേ യു.എസ്, യു.കെ, കാനഡ,​ ജർമ്മനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗൽ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ഇവർ ഇടപെട്ടെന്ന് പറയുന്നു. തങ്ങളുടെ ടീം ഇടപെട്ട 33 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ 27 എണ്ണം വിജയമായിരുന്നെന്ന് ഹാനൻ അവകാശപ്പെടുന്നു. അതേസമയം,​ ഇയാളുടെ വെളിപ്പെടുത്തലുകളെല്ലാം സത്യമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്ത മാദ്ധ്യമ പ്രവർത്തകർ തുടങ്ങിവച്ച അന്വേഷണങ്ങളെ പിന്തുടരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫ്രഞ്ച് എൻ.ജി.ഒ ആയ ഫോർബിഡൻ സ്റ്റോറീസും അന്വേഷണത്തിന്റെ ഭാഗമായി. 2017ൽ ബംഗളൂരുവിൽ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ പ്രവർത്തനങ്ങൾ അന്വേഷണത്തിന് പ്രചോദനമായെന്ന് ഇവർ പറയുന്നു.