ഏതൊക്കെ സാക്ഷികളെ വിസ്തരിക്കാമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത; മഞ്ജു ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

Friday 17 February 2023 12:05 PM IST

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള മറ്റ് സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും കോടതി നിർദേശം നൽകി.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തേ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് നിർദേശിച്ച സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

മഞ്ജു വാര്യരെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ ദിലീപിന്റെ ആരോപണം. എന്നാൽ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയുളളവ നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജുവിനെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്ന് കോടതിയെ അറിയിച്ചു. തനിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷനെ തടയാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

അതേസമയം, കേസിൽ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത. അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആർ ബസന്ത് ആണ് ഇക്കാര്യം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരിൽ വിസ്തരിക്കേണ്ട സാക്ഷികൾ ആരൊക്കെയാണെന്ന് പ്രതികൾ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement