പൈതൃക മ്യൂസിയം അവഗണനയുടെ വക്കിൽ. വാതിലുകൾ കൊട്ടിയടച്ചു.

Saturday 18 February 2023 12:12 AM IST

ചങ്ങനാശേരി . പുരാവസ്തുവകുപ്പ് ഏറ്റെടുത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക മ്യൂസിയമായ കുമാരമംഗലത്ത് മനയിൽ സന്ദ‌ർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ നാശത്തിന്റെ വക്കിൽ. ആരുംതിരിഞ്ഞ് നോക്കാതായതോടെ മനയും പരിസരവും കാടുകയറി. പുഴവാതിലെ ഉമ്പിഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും നിയമസഭാംഗവുമായിരുന്ന കെ ജി എൻ നമ്പൂതിരിപ്പാടിന്റെ കുടുംബം വകയാണ് മന. എട്ടുവീട്ടിൽ പിള്ളമാരെ ആവാഹിച്ച് കുടിയിരുത്തിയിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള വേട്ടടിക്ഷേത്രവും മനയുടെ സമീപത്താണ്. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക മ്യൂസിയമാക്കുന്നതിന് ആദ്യഘട്ടത്തിൽ 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സംരക്ഷണജോലികൾ പൂർത്തീകരിച്ചെങ്കിലും തുടർനടപടികൾ പൂർത്തിയായില്ല. ഇതോടെ മനയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച വീടും 15 സെന്റ് സ്ഥലവും ഉൾപ്പെടുന്ന ഭാഗമാണ് പൈതൃക മ്യൂസിയത്തിനായി ഏറ്റെടുത്തിരിക്കുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിനായി മനയോടുചേർന്നുള്ള 6 സെന്റ് സ്ഥലവും കെ ജി എൻ നമ്പൂതിരിപ്പാടിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി വിട്ടുനൽകിയിരുന്നു.

ലക്ഷങ്ങൾ മുടക്കിയിട്ട് അടച്ചിട്ടെന്ത് കാര്യം.

മനയുടെ സംരക്ഷണജോലികളും വൈദ്യുതീകരണവും പൂർത്തിയാക്കി. വരാന്തകളിലെ തറയോടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശ്രീകോവിലിന്റെ ഭാഗത്തെ കൽപ്പടവുകൾ പൂർവ സ്ഥിതിയിലാക്കി. മനയോട് ചേർന്നുള്ള ടോയ്‌ലെറ്റ് പൊളിച്ചുമാറ്റി അറയും നിരയും അറ്റകുറ്റപ്പണികൾ ചെയ്തു. തടികൾ രാസസംരക്ഷണം നടത്തി. സംരക്ഷണവേലി സ്ഥാപിച്ചു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹായത്തോടെ മനയുടെ ഗ്രാഫിക്കൽ ഡോക്യുമെന്റേഷനും പൂർത്തിയാക്കി. നാലുകെട്ടിന്റെ തനിമ നിലനിർത്തി അതിന്റെ സവിശേഷതകൾ മനയുമായി ബന്ധപ്പെട്ട ചരിത്രം എന്നിവ ആളുകളിലേക്ക് എത്തിക്കാനാണ് പുരാവസ്തു ഉദ്ദേശിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.

പ്രദേശവാസി രമേശൻ പറയുന്നു.

മനയിൽ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുരാവസ്തു വകുപ്പ് ഉടൻ വിശദമായ പ്രോജക്ട് തയ്യാറാക്കുമെന്ന് പറഞ്ഞെങ്കിലും കടലാസിൽ ഒതുങ്ങി. പണികൾ പൂർത്തിയാക്കിയിട്ടും കാലങ്ങളായി അടച്ചിട്ടിരിക്കുന്നത് സർക്കാരിന്റെയും പുരാവസ്തുവകുപ്പിന്റെയും അനാസ്ഥ മൂലമാണ്.