വനിതാ വിശ്രമകേന്ദ്രം അടഞ്ഞുതന്നെ; ഇതാണോ സ്ത്രീ സൗഹൃദം

Sunday 19 February 2023 1:41 AM IST

കോട്ടയം . നഗരസഭയുടെ സ്ത്രീ സൗഹൃദ പദ്ധതികൾക്ക് അപമാനമായി നാഗമ്പടത്തെ വനിതാ വിശ്രകേന്ദ്രം അടഞ്ഞുതന്നെ. 2010 ൽ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രമാണ് അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുമായാണ് നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമകേന്ദ്രം തുറന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും, സ്വകാര്യ ബസ് സ്റ്റാൻഡിലുമായി നൂറു കണക്കിന് സ്ത്രീകളാണ് ദിവസവും വന്നു പോകുന്നത്. ഇവർക്ക് വിശ്രമിക്കാൻ നിലവിൽ മറ്റ് സംവിധാനങ്ങളില്ല. കുടുംബശ്രീയുടെ സരസ് മേളയോട് അനുബന്ധിച്ച് മാസങ്ങൾക്ക് മുൻപ് സരസ് സംഘാടകസമിതിയ്ക്കായി വിശ്രമകേന്ദ്രം തുറന്നുകൊടുത്തെങ്കിലും വീണ്ടും അടച്ചു. നാല് മുറി, ഒരു ഹാൾ, നാല് ടോയ്‌ലെറ്റ് എന്നിവയാണ് വിശ്രമകേന്ദ്രത്തിലുള്ളത്.

ആരും തിരിഞ്ഞ് നോക്കാതായതോടെ കെട്ടിടം നാശത്തിന്റെ വക്കിലാണ്. നിരവധി തവണ വനിതാ വിശ്രമ കേന്ദ്രത്തിന് നഗരസഭ ബഡ്ജറ്റിൽ ഫണ്ടുകൾ അനുവദിച്ചിട്ടും പ്രവർത്തനം മാത്രം തുടങ്ങുന്നില്ല.

 അടച്ചുപൂട്ടലിലേക്ക് എത്തിയത്.
ഉദ്ഘാടനത്തിന് ശേഷം വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് കൈമാറിയ നഗരസഭ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കൃത്യമായ നവീകരണം നടത്താത്തതാണ് കെട്ടിടം നശിക്കാൻ കാരണമെന്നാണ് ആക്ഷേപം. ടോയ്‌ലെറ്റുകൾ ഉൾപ്പടെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി. വനിതകൾക്കായി തുടങ്ങിയ വിശ്രമകേന്ദ്രത്തിൽ പുരുഷന്മാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ ലഘുഭക്ഷണ ശാല തുടങ്ങിയതും വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കോമ്പൗണ്ടിനുള്ളിൽ മറ്റൊരു ഷെഡ്ഡ് രൂപീകരിച്ച് കുടുംബശ്രീയുടെ ഭക്ഷണശാല അവിടേക്ക് മാറ്റി. കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.

 പ്രതിപക്ഷ കൗൺസിലർ ഷീജാ അനിൽ പറയുന്നു.

വനിതാ വിശ്രമ കേന്ദ്രം തുറന്ന് പ്രവർത്തിക്കാത്തത് നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേടാണ്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താവളം എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. നഗരസഭ അദ്ധ്യക്ഷ, ജില്ലാ കളക്ടർ തുടങ്ങി ജില്ലയുടെ ഭരണ സിരാകേന്ദ്രം വളയിട്ട കൈകൾ നിയന്ത്രിക്കുമ്പോഴും നഗരത്തിലെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ കഴിയുന്നില്ല.

Advertisement
Advertisement