അസ്‌ന മോൾക്ക് സ്നേഹാശംസ നൽകി മന്ത്രി അപ്പൂപ്പനും

Saturday 18 February 2023 3:29 AM IST

പാലോട്: ഇടിഞ്ഞാർ സർക്കാർ ട്രൈബൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളുടെ ആഗ്രഹങ്ങൾ അറിയാനായി സ്കൂളിൽ ഒരു ആഗ്രഹപ്പെട്ടി (മാജിക് പെട്ടി) സ്ഥാപിച്ചിരുന്നു.പരിമിതികളിൽ വളരുന്ന പിന്നാക്ക ആദിവാസി വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കുഞ്ഞുങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ എഴുതി ആഗ്രഹപ്പെട്ടിയിലിട്ടാൽ സ്കൂളിലെ കൈതാങ്ങ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാധിച്ചു നൽകാനായിരുന്നു പദ്ധതി. ഇതിലൂടെ നിരവധി കുട്ടികൾക്ക് അവരുടെ ആഗ്രഹങ്ങൾ അദ്ധ്യാപകർ സാധിച്ചു നൽകിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കിട്ടിയ കത്ത് ഹൃദയവേദനയായി. അഞ്ചാം ക്ലാസുകാരി അസ്‌ന തന്റെ ആടിനെ നഷ്ടപ്പെട്ട വേദനയായിരുന്നു കത്തിൽ എഴുതിയിരുന്നത്. കത്തിലെ വരികൾ ഇങ്ങനെ, 'എന്റെ കൂട്ടുകാരിയായിരുന്നു കുഞ്ഞാറ്റ എന്ന ആട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ.എന്നാൽ എന്റെ ബാപ്പയ്ക്ക് കാൻസർ ആണ്. ബാപ്പയുടെ ചികിത്സയ്ക്കായി കുഞ്ഞാറ്റയെ ഉമ്മ വിറ്റു.എനിക്ക് വലിയ സങ്കടമാണ്. എനിക്ക് ഒരാടിനെ വാങ്ങി തരാമോ " ഇതായിരുന്നു അസ്‌നയുടെ ആവശ്യം.കാൻസർ ബാധിതനായ ഇടിഞ്ഞാർ മങ്കയം സ്വദേശി ഷിബുവിന്റെ മകളുടെ ദുഃഖം അദ്ധ്യാപകരെ വേദനിപ്പിച്ചു. ഇതിനിടയിൽ അസ്നയുടെ ബാപ്പ ഷിബു മരണത്തിന് കീഴടങ്ങി. ഷിബുവിന്റെ മരണത്തോടെ കുടുംബം നിരാലംബരായി. തളർന്ന അസ്‌ന മോളുടെ മനസ് തിരികെ കൊണ്ടുവരാൻ തീരുമാനിച്ച അദ്ധ്യാപകർ കൈതാങ്ങ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരാടിനെ വാങ്ങി അവൾക്ക് സമ്മാനിച്ചു.