അരിയോട്ടുകോണത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു

Saturday 18 February 2023 2:06 AM IST

പോത്തൻകോട്: പോത്തൻകോട്ടും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വീണ്ടും വിലസുന്നു. വ്യാഴാഴ്ച രാത്രി അരിയോട്ടുകോണം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം കവ‌ർന്നതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ രാവിലെയാണ് നാട്ടുകാർ സംഭവം അറിയുന്നത്.

സമീപത്തെ സി.സി ടിവി കാമറയിൽ കാണിക്കവഞ്ചി തകർക്കുന്ന ദൃശ്യവും മോഷ്ടാവിന്റെ മുഖവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 50 വയസിലേറെ പ്രായമുള്ളയാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോത്തൻകോട് പൊലീന് അറിയിച്ചു. രണ്ടുമാസം മുമ്പാണ് അവസാനമായി കാണിക്കവഞ്ചി തുറന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന കാട്ടായിക്കോണം കുനയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെയും പട്ടാഴി ശിവക്ഷേത്രത്തിന്റെയും കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിക്കാനും ശ്രമം നടന്നു. രാത്രിയിലെ പൊലീസ് പട്രോളിംഗ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹന സൗകര്യമില്ലാത്തതും ജീവനക്കാരുടെ കുറവും സ്റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.