വൃദ്ധദമ്പതിമാരെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
Saturday 18 February 2023 2:10 AM IST
പത്തനംതിട്ട : മുൻവിരോധം കാരണം വൃദ്ധദമ്പതിമാരെ ആക്രമിച്ച പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. അയിരൂർ തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ എലിസബത്ത് ഫിലിപ്പിനും(63) ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിലെ പ്രതി കടയാർ തടിയിൽ ബി വില്ലയിൽ ബിജോ (42) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 7.30ന് ദമ്പതികളുടെ വീടിനുമുന്നിലാണ് സംഭവം. വീടിന് മുന്നിൽ പത്രം എടുക്കാൻ ചെന്ന എലിസബത്തിന്റെ ഭർത്താവിനെ പ്രതി ടി ഷർട്ട് പൊക്കിക്കാണിച്ച് കളിയാക്കി. ഇത് ശ്രദ്ധിക്കാതെ പാൽ വാങ്ങാനായി പോയപ്പോൾ അസഭ്യം പറഞ്ഞ് ഇരുകവിളിലും അടിച്ചു. ഇതിന് തടസം പിടിക്കാനെത്തിയപ്പോഴാണ് എലിസബത്തിന് മർദ്ദനമേറ്റത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എലിസബത്തിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.