ഇടിഞ്ഞാറിൽ കാട്ടുതീ; അൻപത് ഏക്കറോളം വനഭൂമി കത്തിനശിച്ചു
പാലോട്: ഇടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉൾക്കാട്ടിൽ മൈലാടുംകുന്ന് മൈലച്ചലിൽ കാട്ടുതീ പടർന്നു.കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് കാട്ടുതീ ശ്രദ്ധയിൽപ്പെട്ടത്. അൻപത് ഏക്കറോളം വനഭൂമി കത്തിനശിച്ചതായാണ് നിഗമനം. ഫയർഫോഴ്സിന്റെ വാഹനം കടന്നുചെല്ലാത്ത മേഖലയാണ് ഇവിടം. ഫോറസ്റ്റ് വകുപ്പിന്റെ വാഹനത്തിലും നടന്നുമാണ് ഉദ്യോഗസ്ഥർ തീ കത്തുന്ന സ്ഥലത്തെത്തിയത്.മരച്ചില്ലകളും, കമ്പുകളും ഉപയോഗിച്ചാണ് തീ അണച്ചത്.
തീ പടരാതിരിക്കാൻ സമീപത്ത് ഫയർലൈൻ തെളിച്ചിട്ടുണ്ട്. ശക്തമായ കാറ്റും വെയിലുമാണ് കൂടുതൽ പ്രതിസന്ധിയായത്.കത്തിയമർന്ന വനമേഖലയുടെ സമീപത്ത് കുറച്ച് വീടുകൾ ഉണ്ടായിരുന്നു. ഇവിടേക്ക് തീ പടരുന്നത് നിയന്ത്രിക്കാൻ ഫയർഫോഴ്സ് സംഘത്തിനായതിനാൽ വൻ ദുരന്തം ഒഴിവായി. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റിലേയും പാലോട് ഫോറസ്റ്റ് റേഞ്ചിനു കീഴിലെ അൻപതോളം ജീവനക്കാരുടെ അശ്രാന്ത പരിശ്രമമാണ് ഒരു ദുരന്തം ഒഴിവായത്. കാട്ടുതീയുടെ കാരണം അറിവായിട്ടില്ല.