എ.ബി.വി.പി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായി പരാതി

Saturday 18 February 2023 1:20 AM IST

തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വഞ്ചിയൂരിലെ പ്രാദേശിക കേന്ദ്രത്തിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായി പരാതി.കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്കിടയിലാണ് മർദ്ദനമെന്നാണ് ആരോപണം. വഞ്ചിയൂരിലെ എ.ബി.വി.പി ഓഫീസിന് മുന്നിലായിരുന്നു സംഭവം. അർജ്ജുൻ, വിഷ്ണു എന്നീ എ.ബി.വി.പി പ്രവർത്തകർക്ക് മർദ്ദനത്തിൽ പരിക്കേറ്റതായാണ് പരാതി. യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വഞ്ചിയൂരിലെ പ്രാദേശിക കേന്ദ്രത്തിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി മൂന്ന് സ്ഥാനങ്ങളിലേക്ക് ജയിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനത്തിന് ശേഷം വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. സംഘർഷ സാദ്ധ്യത നിലനിന്നതിനാലാണ് പൊലീസ് ഇടപെട്ടത്. ഇത് സംബന്ധിച്ച് തർക്കം നടക്കുന്നതിനിടിയിൽ സ്ഥലത്തെത്തിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ പ്രവർത്തകന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് നടപടിക്കെതിരെ എ.ബി.വി.പി പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.സംഭവത്തിൽ ഇന്ന് പരാതി നൽകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.