കലാമണ്ഡലം രാജശേഖരന് കഥകളി പുരസ്‌കാരം
പോത്തൻകോട്: കഥകളിയിൽ സ്ത്രീ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ കഥകളി ആചാര്യൻ കലാമണ്ഡലം രാജശേഖരന് കാട്ടായിക്കോണം തെങ്ങുവിള ശ്രീമഹാദേവീ ക്ഷേത്ര ട്രസ്റ്റിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരം. കഥകളിയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സജീവമായ ഇദ്ദേഹം കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പലാണ്. 5000ത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുള്ള രാജശേഖരൻ നിരവധി വിദേശ രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കഥകളി തെക്കൻചിട്ട, കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാഡമി പുരസ്കാരം,കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പ് സീനിയർ ഫെലോഷിപ്പ്,എ.ഡി ബോളണ്ട് ഗോൾഡ് മെഡൽ,തുളസീവനം പുരസ്കാരം,നാട്യരത്നം പുരസ്കാരം,വീരശൃംഖല പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം മേധാവിയായിരുന്ന കലാമണ്ഡലം ഷൈലജയാണ് ഭാര്യ. ശരത് ചന്ദ്രനും വൈശാഖനും മക്കളാണ്.