പണിമൂല പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി
പോത്തൻകോട്: പണിമൂല ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. പതിനായിരങ്ങൾ പൊങ്കാല അർപ്പിക്കാൻ എത്തുന്നതിനാൽ ദൂരദേശത്തുള്ളവർ നേരത്തെ തന്നെ അടുപ്പുകൾ കൂട്ടി സ്ഥലം ഉറപ്പിക്കുന്ന തിരക്കിലാണ്. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിട്ടി, ഇലക്ട്രിസിറ്റി,പൊലീസ്, പൊതുമരാമത്ത്,അഗ്നിശമന വിഭാഗം, സിവിൽ സപ്ലെെസ് വകുപ്പ്,ആരോഗ്യ വിഭാഗം തുടങ്ങിയ സർക്കാർ വകുപ്പുകളുടെ ഏകോപനം തിരുവനന്തപുരം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
പൊങ്കാലയുടെ അന്ന് നെടുമങ്ങാട്, കാട്ടാക്കട, കണിയാപുരം, ആറ്റിങ്ങൽ,തമ്പാനൂർ,സിറ്റി ഡിപ്പോ,കെ.എസ്.ആർ.ടി.സി,സ്വിഫ്ട് തുടങ്ങിയ ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് ഉണ്ടായിരിക്കും. 19, 20 തീയതികളിലാണ് പണിമൂല പൊങ്കാല മഹോത്സവം നടക്കുന്നത്. 19ന് രാവിലെ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 8.30ന് അഷ്‌ടോത്തര നാമജപം.വൈകിട്ട് 5.30ന് സമർപ്പയാമി.രാത്രി 7ന് ഭജന.7.30ന് സംഗീതധാര.8 .45ന് നാടകം.9 15ന് ഭജന.പൊങ്കാല ദിവസമായ 20ന് രാവിലെ 7ന് ക്ഷേത്ര തന്ത്രി താഴമൺമഠം കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചന.9ന് പൊങ്കാല മഹോത്സവ സമർപ്പണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ക്ഷേത്രസെക്രട്ടറി ആർ.ശിവൻകുട്ടി നായർ അദ്ധ്യക്ഷത വഹിക്കും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിക്കും. 10.30ന് ക്ഷേത്ര മേൽശാന്തി കോവശേരി മഠത്തിൽ ഗോകുൽ കൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ സമൂഹ പൊങ്കാലയ്ക്ക് തുടക്കമാവും.10.45ന് അന്നദാനം,ഉച്ചയ്ക്ക് 1.30ന് പൊങ്കാല നിവേദ്യം.രാത്രി 7.30ന് ലക്ഷാർച്ചന സമർപ്പണം. ക്ഷേത്രം സെക്രട്ടറി ആർ.ശിവൻകുട്ടി നായർ,പ്രസിഡന്റ് ഗോപീ മോഹൻനായർ,വൈസ് പ്രസിഡന്റുമാരായ നാരായണൻ നായർ, ഗിരീഷ്, ജോയിന്റ് സെക്രട്ടറി കെ.വിജയകുമാർ, പബ്ലിസിറ്റി കൺവീനർ സുധൻ.എസ്.നായർ, ആർ.രവീന്ദ്രൻനായർ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. പൊങ്കാല ദിനത്തിൽ ക്ഷേത്രത്തിൽ കിംസ് ആശുപത്രി, ശുശ്രുത മെഡിക്കൽ സെന്റർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.