ഇന്ത്യൻ വംശജൻ നീൽ മോഹൻ യൂട്യൂബ് സി.ഇ.ഒ

Saturday 18 February 2023 1:10 AM IST

ന്യൂയോർക്ക് : യൂട്യൂബിന്റെ പുതിയ മേധാവിയായി ഇന്ത്യൻ വംശജനും അമേരിക്കയിൽ സ്ഥിര താമസക്കാരനുമായ നീൽ മോഹൻ ചുമതലയേറ്റു.

ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം സൂസൻ വുചിറ്റ്‌സ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് 49കാരനായ നീൽ മോഹന്റെ നിയമനം.

2007ൽ ഗൂഗിളിൽ ചേർന്ന നീൽ മോഹൻ 2015 മുതൽ യൂട്യൂബിന്റെ ചീഫ് പ്രോഡക്ട് ഓഫീസറാണ്. അക്സെഞ്ചർ, ഡബിൾക്ലിക്ക് എന്നീ കമ്പനികളിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഗൂഗിളിലെത്തിയത്. മുമ്പ് മൈക്രോസോഫ്റ്റിലും പ്രവർത്തിച്ചിട്ടുണ്ട്.

യൂട്യൂബ് ഷോർട്സ്, മ്യൂസിക്, പ്രീമിയം തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ചു. അമേരിക്കൻ പേഴ്സണൽ സ്റ്റൈലിംഗ് സർവീസായ സ്​റ്റിച്ച് ഫിക്സ്, ബയോടെക് കമ്പനിയായ 23 ആൻഡ് മീ എന്നിവയിലെ ബോർഡ് അംഗവുണ് നീൽ മോഹൻ. യു.എസിലെ സ്​റ്റാൻഫഡ് യൂണിവേഴ്സി​റ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും സ്​റ്റാൻഫഡ് ഗ്രാജുവേ​റ്റ് സ്‌കൂൾ ഒഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് ജനനം. പിന്നീട് കുടുംബം യു.എസിലേക്ക് കുടിയേറി. ഭാര്യ ഹേമ സരീൻ മോഹനും മൂന്ന് മക്കൾക്കുമൊപ്പം കാലിഫോർണിയയിലാണ് താമസം.