സുരക്ഷയ്ക്ക് ബസുകളിൽ കാമറകൾ സ്ഥാപിക്കൽ നടപ്പായില്ല

Saturday 18 February 2023 12:00 AM IST

കൊടുങ്ങല്ലൂർ: നിയമ ലംഘനങ്ങൾ തടയാനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും കൊടുങ്ങല്ലൂരിലെ സ്വകാര്യ ബസുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന പൊലീസ് നിർദ്ദേശം പാഴ്‌വാക്കായി. ബസിനുള്ളിലെ തത്സമയ കാഴ്ചകൾ പൊലീസിനും ബസുടമകൾക്കും കാണാൻ കഴിയുന്ന വിധം കാമറകൾ സ്ഥാപിക്കാനാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് കെ. ശങ്കരൻ ഏഴ് മാസങ്ങൾക്ക് മുമ്പ് വിളിച്ചു ചേർത്ത ബസ് ഉടമകളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നത്. പറവൂർ, തൃശൂർ, തൃപ്രയാർ, അഴീക്കോട്, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ 35 ഓളം ബസുടമകൾ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നു. കൊടുങ്ങല്ലൂരിൽ ബസുകളിലെ ജീവനക്കാർ എം.ഡി.എം.എ എന്ന മയക്കുമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു പൊലീസ് മേഖലയിൽ സർവീസ് നടത്തുന്ന ബസ് ഉടമകളുടെ യോഗം വിളിച്ച് നിയമ ലംഘനങ്ങൾ തടയാൻ ആറ് മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത്. മൂന്നു മാസത്തിനുള്ളിൽ പകുതി കാമറകളും ആറ് മാസത്തിനുള്ളിൽ പൂർണമായും ബസിനുള്ളിൽ കാമറ സ്ഥാപിക്കാനായിരുന്നു തീരുമാനം. കാമറ സ്ഥാപിക്കുന്നതിലൂടെ ബസുകളിലെ എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങൾക്ക് വിരാമം ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടൽ. എന്നാൽ കൊവിഡിന്റെ വരവോടെ കുരുക്കിലായ സ്വകാര്യ ബസുടമകൾ പൊലീസ് തീരുമാനം അനുസരിക്കുമെന്നും ഇപ്പോൾ ബസിൽ തിരക്ക് കുറവാണെന്നും ഇളവുകൾ വേണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ബസുടമകളുടെ വാദം പൊലീസ് അംഗീകരിച്ചില്ല. ലഹരി ഉപയോഗത്തിന് ബസ് ജീവനക്കാർ ആരും പിന്നീട് പിടിയിലാകാതിരുന്നതും കാമറ സ്ഥാപിക്കുന്നതിന് ചെലവ് ഏറിയെന്നും ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ആരും കാമറകൾ സ്ഥാപിക്കാതെയായി. തീരുമാനം നടപ്പിലാക്കിയോ എന്നത് സംബന്ധിച്ച് പരിശോധ നടത്താൻ പൊലീസും തുനിഞ്ഞില്ല. മുൻ നിലപാടിൽ നിന്ന് പൊലീസ് അയഞ്ഞതോടെ ബസിൽ കാമറ സ്ഥാപിക്കണമെന്ന തീരുമാനം എങ്ങുമെത്തിയില്ല.