ആർ.എസ്.എസ് ചർച്ച; മുസ്‌ലിം സംഘടനകൾ പുകയുന്നു

Saturday 18 February 2023 12:00 AM IST

ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലിയുടെ വെളിപ്പെടുത്തലിന്റെ പുകച്ചിലിലാണ് മുസ്‌ലിം മതസംഘടനകൾ. സമുദായത്തിന്റെ നിലനിൽപ്പിനെ നിരന്തരം ചോദ്യം ചെയ്യുന്ന ആർ.എസ്.എസുമായുള്ള ചർച്ചയിലൂടെ സമുദായത്തെ ഒറ്റുകൊടുത്തു അഭിമാനം പണയംവച്ചു എന്നൊക്കെയുള്ള രൂക്ഷവിമർശനങ്ങളാണ് ജമാഅത്തെ ഇസ്‌‌ലാമിക്ക് നേരിടുന്നത്. നിരോധിക്കുമോ എന്ന ഭീതിമൂലം ആർ.എസ്.എസുമായി സമരസപ്പെട്ടെന്ന അതീവഗൗരവമായ വിമർശനവും ഉയരുന്നു.

ജനുവരി 14ന് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന്റെ വസതിയിൽ ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ്‍കുമാർ, റാംലാൽ, കൃഷ്ണഗോപാൽ എന്നിവരുമായി മുസ്‍ലിം സംഘടനകളായ ജമാഅത്തെ ഇസ്‍ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, അഹ്‌ലെ ഹദീസ്, ദാറുൽ ഉലൂം ദയൂബന്ദ് എന്നിവയുടെയും ശിയാ സംഘടനകളുടെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറൈശി, മാദ്ധ്യമപ്രവർത്തകൻ ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവരും പങ്കാളികളായി. ജനുവരി 13ന് ശാഹിദ് സിദ്ദീഖിയുടെ വസതിയിൽ മുസ്‍ലിം സംഘടന പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് ഉന്നയിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഫെബ്രുവരി 14ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലി വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദം ആളിക്കത്തിയത്.

ചർച്ചയെന്നത് ജനാധിപത്യ സമൂഹത്തിന്റെ ആണിക്കല്ലാണ്. ഒരേ ആശയങ്ങൾ പുലർത്തുന്നവരെയല്ല,​ തീർ‌ത്തും വ്യത്യസ്തമായ ആശയങ്ങൾ പുലർത്തുന്നവർ വേണം ഒരുമേശയ്ക്ക് ചുറ്റുമിരിക്കാൻ. ഈ വാദം അംഗീകരിക്കുന്ന ചില മുസ്‌ലിം സംഘടനകൾ പോലും ആർ.എസ്.എസുമായുള്ള ചർച്ച എന്തുകൊണ്ട് മറച്ചുവച്ചെന്ന ചോദ്യം ഉയർത്തുന്നുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട ഏത് വിഷയങ്ങളും അന്തിച‌ർച്ചയ്ക്കെടുക്കുന്ന ജമാഅത്തെ ഇസ്‌‌ലാമി അനൂകൂല ചാനലും എഡിറ്റോറിയലിലൂടെ ഉദ്ബോധിപ്പിക്കുന്ന പത്രവും എന്തുകൊണ്ട് ഇക്കാര്യം ചർച്ചചെയ്തില്ലെന്നാണ് മറ്റ് മുസ്‌ലിം സംഘടനകളുടെ ചോദ്യം.
ഭയത്തിന്റെ പേരിലാണ് ജമാഅത്തെ ഇസ്‌ലാമി ചർച്ചയ്ക്ക് പോയതെന്ന് സമസ്‌ത വിമർശിക്കുന്നുണ്ട്. നേരത്തെ ചില മാദ്ധ്യമസ്ഥാപനങ്ങൾ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിരുന്നു. ഇതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ നിരോധിക്കാൻ നടപടിയെടുക്കുമോ എന്ന ഭയം നേതൃത്വത്തെ പിടികൂടിയിട്ടുണ്ടെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. സമുദായത്തിന്റെ അഭിമാനം പണയം വെച്ച് പേടിച്ച് ജീവിക്കുന്നതിന് പകരം സംഘടനതന്നെ പിരിച്ചുവിട്ട് സമുദായത്തിന്റെ പൊതുധാരയിൽ ലയിക്കണമെന്നാണ് സമസ്ത സെക്രട്ടറി ഉമർ ഫൈസി ആവശ്യപ്പെട്ടത്. മുസ്‌ലിം സമുദായ സംഘടനകളും മതേതര ശക്തികളും ആർ.എസ്.എസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കും നടപടികൾക്കുമെതിരെ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമ്പോൾ ആർ.എസ്.എസുമായി പിൻവാതിലിലൂടെ ചർ‌ച്ചനടത്തി സമുദായത്തെയാകെ വഞ്ചിച്ചെന്ന് ഉമർ ഫൈസി ചൂണ്ടിക്കാട്ടുന്നുണ്ട്.

കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ളയെ ക്ഷണിച്ചത് മുസ്‌ലിം സമുദായ സംഘടനകൾക്കിടയിൽ കോലാഹലം സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച പള്ളി മിമ്പറുകളിലടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി. മുജാഹിദ് പ്രസ്ഥാനത്തെ അവഹേളിച്ച ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസുമായി തലയിൽ മുണ്ടിട്ട് ചർച്ച നടത്തിയത് പരിഹാസ്യമാണെന്ന രൂക്ഷവിമർശമാണ് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി നടത്തിയത്.

ആർ.എസ്.എസുമായുള്ള ചർച്ചയിലൂടെ ജമാഅത്തെ ഇസ്‌ലാമിയുടെ കപടമുഖം പുറത്തായി. ജമാഅത്തെ ഇസ്‌ലാമി - ആർ.എസ്.എസ് ബന്ധം ചരിത്രപരമാണ്. മതരാജ്യമാണ് ഇരുകൂട്ടരുടെയും സ്വപ്നം. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക രാഷ്ട്രവും ആർ.എസ്.എസ് ഹിന്ദുരാഷ്ട്രവും സ്വപ്നം കാണുന്നു. സ്വാതന്ത്ര്യസമരത്തിൽ നിന്നും വിട്ടുനിന്ന ഇരുകൂട്ടരും നാളിതുവരെ പരസ്പരം പോഷിപ്പിച്ചാണ് വളർന്നത്. മുസ്‌ലിം ലീഗ് നേതൃത്വവും വിമർശനവുമായി രംഗത്തുണ്ടെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ പിണക്കാതിരിക്കാനുള്ള ജാഗ്രത പുല‌ത്തുന്നുണ്ട്. കൂടിക്കാഴ്ചയെക്കുറിച്ച് അവരാണ് വിശദീകരിക്കേണ്ടതെന്ന് ലീഗ് നേതൃത്വം പറയുന്നു. ഏത് പശ്ചാത്തലത്തിലാണ് അതുണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്നുണ്ട് ലീഗ്. ആർ.എസ്.എസുമായി ഒരു ചർച്ചയ്ക്കും പോകേണ്ട സാഹചര്യമില്ലെന്നാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മതേതരശക്തികൾ ആർ.എസ്.എസിനേടും ബി.ജെ.പിയോടും ചെറുത്ത് നിൽക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ പല ജനവിഭാഗങ്ങളും അംഗീകരിക്കാത്ത ഏക സിവിൽകോഡ് അടക്കമുള്ള നിയമങ്ങളിലും വിഷയങ്ങളിലും മതേതര സവഭാവം സ്വീകരിക്കണമെന്ന നിലപാട് ആർ.എസ്.എസ് സ്വീകരിച്ചിട്ടില്ല. വിഭാഗീയ ചിന്താഗതിയാണ് അവർക്കുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡോ.എം.കെ.മുനീർ മാത്രമാണ് ജമാഅത്തെ ഇസ്‌ലാമിയെ അതിരൂക്ഷമായി വിമർശിച്ചത്.

ജമാഅത്തിന്റെ

രണ്ടുകാരണങ്ങൾ

ആർ.എസ്.എസുമായി ചർച്ച നടത്താൻ രണ്ട് കാരണങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും കാരണം. അത് ആർ.എസ്.എസിനോടാണ് സംസാരിക്കേണ്ടത്. ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസാണെന്നതിനെ ചർച്ചയ്ക്കുള്ള രണ്ടാമത്തെ കാരണമായും ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ഡൽഹിയിൽ മുസ്‌ലിം സംഘടനാനേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം.

അടച്ചിട്ടമുറിയിൽ ചർച്ച നടന്നെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറൽ ആരിഫലി പറയുന്നു. ആൾക്കൂട്ടക്കൊലകൾ,​ ബുൾഡോസർ രാഷ്ട്രീയം,​ നിരപരാധികളുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തു. ആർ.എസ്.എസുമായി ഒത്തുതീർപ്പിനുള്ള ഒരു ചർച്ചയ്ക്കും ജമാഅത്തെ ഇസ്‍ലാമി അനുകൂലമല്ല. കേന്ദ്രം ഭരിക്കുന്ന ഒരു സംഘടനയുമായും സംസാരിക്കുകയില്ലെന്ന സമീപനം ബുദ്ധിപൂർവമല്ലെന്നാണ് കരുതുന്നതെന്നും ആരിഫലി വിശദീകരിക്കുന്നു. ആദർശശത്രുക്കളുമായി പോലും സംഭാഷണങ്ങളുടെയോ സംവാദങ്ങളുടെയോ വാതിലുകൾ അടക്കരുതെന്നും ചർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നയമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമ‌ർശനങ്ങളെ സംഘടന പ്രതിരോധിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കി ആർ.എസ്.എസിനോടൊപ്പം ജമാഅത്തെ ഇസ്‍ലാമിയെയും നിരോധിച്ചപ്പോൾ ജയിലുകളും സംവാദവേദികളാക്കി മാറ്റി​ സംഘടന . ഇസ്‍ലാമിനെയും മുസ്‍ലിങ്ങളെയും സംബന്ധിച്ച തെറ്റിദ്ധാരണകളുടെ പശ്ചാത്തലത്തിൽ ജമാഅത്ത് നേതാക്കളും വക്താക്കളും സഹതടവുകാരായ ആർ.എസ്.എസുകാർക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തു. അടിയന്തരാവസ്ഥ പിൻവലിച്ച് സാധാരണനില പുനഃസ്ഥാപിച്ച ശേഷവും ഏറെക്കാലം ഈ ആശയവിനിമയം തുടർന്നതായും നേതൃത്വം പറയുന്നു.

ജംഇയ്യതുൽ ഉലമയെ ഹിന്ദിന്റെയും ശിയാ സംഘടനകളുടെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു എന്നിരിക്കെ ആർ.എസ്.എസുമായുള്ള രഹസ്യ ഒത്തുതീർപ്പാണെന്ന് പറയുന്നത് തെറ്റിദ്ധാരണാജനകമാണെന്ന നിലപാടിലാണ് ജമാഅത്തെ നേതൃത്വം.

Advertisement
Advertisement