നിറഞ്ഞാടി ദൈവക്കോലങ്ങൾ ;രാമകഥാ സായൂജ്യത്തിൽ അണ്ടല്ലൂർ കാവ്

Friday 17 February 2023 11:27 PM IST

തലശ്ശേരി: അയോദ്ധ്യാസങ്കൽപമായ അണ്ടല്ലൂർ കാവിൽ രാമായണത്തിലെ പാത്രങ്ങൾ ദൈവക്കരുക്കളായി നിറഞ്ഞാടി ഭക്തമനസുകളെ സായൂജ്യത്തിലാഴ്ത്തി. സീതയുടേയും മക്കളുടേയും സങ്കൽപ്പത്തിലുള്ള അതിരാളനും മക്കളും മേലേക്കാവിലെ അണിയറയിൽ നിന്നും തിരുനടയിൽ നിന്ന് എത്തിയതോടെയാണ് ഈ വർഷത്തെ കളിയാട്ടം തുടങ്ങിയത്.

പിന്നാലെ തൂവക്കാലി, പൊൻമകൻ,മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരുമകൻ ദൈവങ്ങളും അനുഗ്രഹം ചൊരിഞ്ഞ് ഉറഞ്ഞാടി. നട്ടുച്ച നേരത്തോടെ ഉത്സവത്തിലെ ഭക്ത്യാവേശക്കാഴ്ചയായ ബാലീസുഗ്രീവന്മാരുടെ ഉറഞ്ഞാട്ടം തുടങ്ങി. പോർവിളിയും പൊരിഞ്ഞ യുദ്ധവുമായിരുന്നു. പോരാട്ടത്തിന്റെ നടുവിൽ ബപ്പൂരൻ ദൈവം മധ്യസ്ഥനായി രംഗത്തെത്തി. സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ശ്രീരാമസങ്കൽപമായ ദൈവത്താർ തിരുമുടി അണിഞ്ഞു. ഉപദൈവങ്ങളായ അങ്കക്കാരനും ബപ്പൂരാനും ദൈവത്താറിന് അകടമ്പടി സേവിച്ചു. അണ്ടല്ലൂർ കാവിലെ ഏറ്റവും ശ്രേഷ്ഠമായ ചടങ്ങാണ് താഴെക്കാവെന്ന ലങ്കയിലേക്ക് സീതയെ വീണ്ടെടുക്കാൻ സൈന്യസമേതം യുദ്ധത്തിന് പോവുന്നദൈവത്താറും പരിവാരങ്ങളും. ആട്ടമെന്നാണ് രാവണനിഗ്രഹ യുദ്ധത്തിന്റെ ദേവനാമം.

താക്കോൽ, തെങ്ങിൻ കുല, കുട, തൂപ്പ്, വില്ല്, വാൾ, എന്നിവ കൊണ്ടുള്ള ആട്ടങ്ങൾ ലക്ഷ്മണൻ ഓരോ അസുരന്മാരെയും നേരിട്ട് നിഗ്രഹിക്കുന്നതാണ്. ആയിരം കുതിരകളെ പൂട്ടിയ തേരിൽ വായുവേഗത്തിൽ ചീറിയെത്തുന്ന രാവണന്റെ പത്ത് കിരീടങ്ങളും കുടയും അര നിമിഷത്തിൽ ശ്രീരാമൻ തകർക്കുന്നതായാണ് ഐതിഹ്യം.രാവണ കോട്ടകൾ ഓരോന്നായി വീഴുന്നു.രാമന്റെയും രാവണന്റെയും ഏറ്റുമുട്ടലുകൾ അസ്ത്രമഴയാണ് മാനത്ത് തീർത്തതത്രെ.ഏഴു ദിവസത്തെ യുദ്ധം.രാവണന്റെ പത്ത് തലകളും തെറിപ്പിച്ചു. ഒടുവിൽ ബ്രഹ്മാസ്ത്രം രാവണ ഹൃദയവും പിളർത്തി ഘോര യുദ്ധത്തിനൊടുവിൽ സീതയെ വീണ്ടെടുത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെഴുന്നള്ളത്ത് ഒരു ദിനത്തിലെ ഉത്സവം ഇവിടെ തീരുമ്പോൾ പിന്നീടുള്ള മൂന്ന് ദിവസങ്ങളും ഇതാവർത്തിച്ചുകൊണ്ടിരിക്കും. ജിവിത സാഗരത്തിലുള്ള അവിശ്വാസത്തിന്റെ പാറക്കല്ലുകളിൽ തട്ടി കുടുംബ ബന്ധങ്ങളും സാഹോദര്യ സ്‌നേഹവും തകരുന്ന വർത്തമാനകാലത്ത് ഇന്നും എന്നും' പ്രസക്തമാണ് രാമായണ കഥയും ഒപ്പം നന്മയുടെ നിറദീപം തെളിഞ്ഞു കത്തുന്ന അണ്ടല്ലൂർ കാവും തിറയും.