മാനസികാരോഗ്യ കേന്ദ്രത്തിലെ തനിയാവർത്തനം
ശരീരത്തിന് വരുന്ന രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നല്‌കുന്നതുപോലെ തന്നെ പ്രധാനമാണ് മനസിന് സംഭവിക്കുന്ന താളഭ്രംശങ്ങൾക്ക് നല്‌കുന്ന ചികിത്സയും. മനസിന് രോഗം വരുന്നവർക്ക് പഴയകാലത്ത് പ്രാകൃതചികിത്സകളായിരുന്നു നല്‌കിയിരുന്നത്. ആധുനികകാലത്ത് അതിൽ വലിയമാറ്റം സംഭവിച്ചിട്ടുണ്ട്. മാനസികരോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും രോഗത്തിന് ഫലപ്രദമായ പല ചികിത്സാമാർഗങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇതോടെ ശരീരത്തിനുണ്ടാകുന്ന രോഗങ്ങൾപോലെ തന്നെയാണ് മാനസിക രോഗങ്ങളെയും കാണേണ്ടതെന്ന ധാരണ പ്രബലമായിട്ടുണ്ട്. എങ്കിലും മാനസികരോഗം ബാധിക്കുന്നവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന രീതി സമൂഹത്തിൽ നിലനില്‌ക്കുന്നുണ്ട്.
ആധുനിക ജീവിതത്തിന്റെ പിരിമുറുക്കം നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും പോലും വിഷാദരോഗികളാക്കുന്നു. മന്ത്രവാദചികിത്സയും ചൂരലടിയും ഷോക്ക് ചികിത്സയുമൊക്കെയായിരുന്നു പഴയകാലത്തിന് അറിയാമായിരുന്ന മാനസികചികിത്സകൾ. എന്നാൽ ഈ രംഗത്ത് ലോകത്തെമ്പാടും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മാനസികരോഗങ്ങൾ പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവുന്ന രീതികളും കൗൺസലിംഗും മരുന്നുകളും ഇന്ന് ലഭ്യമാണ്. കൃത്യമായി ചികിത്സിച്ചാൽ ശരീരത്തിനുണ്ടാകുന്ന രോഗങ്ങളെന്ന പോലെ മാനസിക രോഗങ്ങളും പൂർണമായും ഭേദമാക്കാം. എന്നാലിത് തുറന്ന മനസോടെ അംഗീകരിക്കാൻ സമൂഹം ഇപ്പോഴും വിമുഖത കാണിക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്‌ത്രീകളെയും 57 പുരുഷന്മാരെയും ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകുന്നില്ലെന്ന വാർത്തതന്നെയാണ് ഇതിന്റെ വലിയ ഉദാഹരണം. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കൽ മാനസികാശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞവരെ ബന്ധുക്കൾ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ല. സാമ്പത്തികമായും മറ്റ് പല കാരണങ്ങളാലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലുള്ള ബന്ധുക്കൾക്ക് അതിന് കഴിയാത്തത് അവരുടെ മാത്രം കുറ്റമല്ലെന്നും മനസിലാക്കണം. ഇത്തരം സന്ദർഭങ്ങളിൽ ആരോരുമില്ലാത്ത ഇവർക്കുവേണ്ടി സർക്കാർ ഇടപെടണം.
മാനസികരോഗം ഭേദമായി തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെ പുനരധിവാസത്തിനായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ മെന്റൽ ഹെൽത്ത് കെയർ സെന്റർ സ്ഥാപിക്കുമെന്ന് ജയിൽ ഡി.ഐ.ജി അറിയിച്ചിട്ടുണ്ട്. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ഇവ നിലവിലുണ്ട്. ഇവരുടെ കലാപരവും അല്ലാതെയുമുള്ള അഭിരുചികൾ പ്രയോജനപ്പെടുത്തി അവിടെ തൊഴിലവസരങ്ങളും അതിലൂടെ ആദായവും ഉണ്ടാക്കാം. രോഗം ഭേദമായ, ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത തടവുകാരല്ലാത്തവരെ താമസിപ്പിക്കാൻ സർക്കാർ സംസ്ഥാനത്ത് ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങണം. ഇതിനായി ഒരു പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചാൽ കേന്ദ്രം തന്നെ മുഴുവൻ തുകയും അനുവദിക്കാതിരിക്കില്ല. അതിനായി നിലകൊള്ളാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാനുള്ള താത്‌പര്യം മാത്രം സർക്കാർ കാണിച്ചാൽമതി. രോഗമില്ലാതിരുന്നിട്ടും മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയേണ്ടിവരുന്ന തനിയാവർത്തനം മാപ്പർഹിക്കുന്നതല്ല.