കടൽജീവി സംരക്ഷണം ; ഏകദിന സെമിനാർ

Friday 17 February 2023 11:33 PM IST

കാസർകോട് : കരക്കടിയുന്ന ഭീമൻ കടൽ ജീവികളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച്

കേരള വനം വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഏകദിന പരിശീലനം നടത്തി. കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.ധനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കടലിലടിയുന്ന അമിത മാലിന്യം, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിതമായ മത്സ്യബന്ധനം എന്നിവ കടൽ ഭീമന്മാരായ ഡോൾഫിൻ, തിമിംഗലം, തിമിംഗല സ്രാവുകൾ, കടലാമകൾ തുടങ്ങിയ ജീവികളുടെ നിലനില്പിന് ഭീഷണിയാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്വാട്ടിക് മെഡിസിൻ വിദഗ്ധ ഡോ.നേഹ ഷാ മുംബൈ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തീരദേശ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻമാർക്കും വനം വകുപ്പ് ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്. ചടങ്ങിൽ വൈൽഡ് ലൈഫ് ഇന്ത്യ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.എൻ.വി.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.സുരേഷ് സംസാരിച്ചു. മറൈൻ പ്രോജക്ട് ഹെഡ് സാജൻ ജോൺ സ്വാഗതവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.അരുണേഷ് നന്ദിയും പറഞ്ഞു.