ഫാം കാർണിവലിന് അണിഞ്ഞൊരുങ്ങി കാർഷികഗവേഷണ കേന്ദ്രം

Friday 17 February 2023 11:36 PM IST

ചെറുവത്തൂർ: ഗവേഷണ ഫലങ്ങൾ അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ , ഗവേഷണ സാദ്ധ്യതകൾ പുതിയ തലമുറയ്‌ക്ക് മനസിലാക്കാനും ലക്ഷ്യമിട്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇരുപത് മുതൽ ആരംഭിക്കുന്ന ഫാം കാർണിവലിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൃഷിയിടങ്ങളിൽ സവാരി നടത്താനും കൃഷിയിടങ്ങളിൽ തന്നെ പരിശീലനം നേടാനും സൗകര്യം ഒരുക്കുകയും ആരോഗ്യ . വിജ്ഞാന, വിപണന സാദ്ധ്യതകൾ തുറന്നു നൽകുന്നതുമായ കാർണിവൽ ഇരുപതിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഉദ്‌ഘാടനചടങ്ങിൽ കാർഷിക വികസന വകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും എം.രാജഗോപാലൻ എം.എൽ.എ സ്റ്റാൾ ഉദ്‌ഘാടനം ചെയ്യും. മത്സര വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന സമ്മാനങ്ങൾ വിതരണം ചെയ്യും. ഇ ചന്ദ്രശേഖരൻ എം.എൽ.എ, ടി.ഐ.മധുസൂദനൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ. ആര്യ, ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യൻ , വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോണ്, രജിസ്ട്രാർ ഡോ.സക്കീർ ഹുസ്സൈൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ എ.ഡി.ആർ ഡോ.ടി.വനജ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിത റാണി, അസോസിയേറ്റ് പ്രൊഫ.പി.കെ.രതീഷ്, ഡോ.എ.വി.മീര മഞ്ജുഷ, ഫാം സൂപ്രണ്ട് പി.അജിത് കുമാർ എന്നിവർ പങ്കെടുത്തു.

കൃഷിയിട സവാരി ,സുരക്ഷിതഭക്ഷണം,

പ്രകൃതി സൗഹൃദ കൃഷിപാഠങ്ങൾ പഠിച്ചും സുരക്ഷിത ഭക്ഷണം കഴിച്ചും ഊഞ്ഞാലാടിയും പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിച്ചുകൊണ്ടുമുള്ള ഫാം സവാരിയാണ് കാർണിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

സൗജന്യ ബഹുമുഖ ആരോഗ്യ ക്യാമ്പ്, മെഡിറ്റേഷൻ, യോഗ, പ്രകൃതിചികിത്സ, നാട്ടുവൈദ്യം, മർമ്മ ചികിത്സ, ആയുർവേദം, ഹോമിയോ, അലോപ്പതി എന്നീ സമസ്ഥ ആരോഗ്യ രേഖകളെയും കോർത്തിണക്കിയ സൗജന്യ ആരോഗ്യ ക്യാമ്പും ഈ ഫെസ്റ്റിന്റെ ഭാഗമാണ്.വിവിധ കാർഷിക സാങ്കേതിക വിദ്യകളുടെ കൃഷിയിട പ്രദർശനം, കാർബൺ ന്യൂട്രൽ ഫാമിംഗ്, ജൈവ കൃഷി, വിളകളുടെ പ്രകൃതി സൗഹൃദ സംരക്ഷണ മുറകൾ എന്നിവ പഠിപ്പിക്കുന്ന കൃഷിയിട പ്രദർശന തോട്ടങ്ങൾ സവാരിക്കിടയിൽ കണ്ടു പഠിക്കാം. ഫാം സവാരിക്കിടയിൽ തന്നെ വിവിധ കാർഷിക പരിശീലനങ്ങളും കാർഷിക സെമിനാറുകളും നേടാം. കാർഷിക യന്ത്രവത്കരണം. തെങ്ങിലെ സങ്കരണ പ്രക്രിയ, കൂൺ കൃഷി, ബഡ്ഡിംഗ് - ഗ്രാഫ്റ്റിംഗ്, തേനിച്ച കൃഷി, ജൈവ ഉത്പാദന ഉപാധികളുടെ നിർമ്മാണം. തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, കശുമാവ് കൃഷി, തെങ്ങുകൃഷി തുടങ്ങിയവയും പഠിക്കാം.

ടിക്കറ്റ് നിരക്ക്

അമ്പത് രൂപ -മുതിർന്നവർക്ക്

ഇരുപത് രൂപ കുട്ടികൾക്ക്

സ്കൂളുകൾക്ക് 25 ശതമാനം ഇളവ്

രാവിലെ ഒമ്പത് മണി മുതൽ പത്ത് മണിവരെ

ആറുമണി മുതൽ കലാപരിപാടികൾ