എൽ.ഡി ക്ലാർക്ക് റാങ്കുകാർക്ക് റവന്യുവിൽ അയിത്തം  കോൾഡ് സ്റ്റോറേജിൽ 31 ഒഴിവുകൾ '

Friday 17 February 2023 11:36 PM IST

കാസർകോട് : റവന്യുവകുപ്പിൽ 31 ഒഴിവുകളുണ്ടായിട്ടും എൽ.ഡി.ക്ളാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമില്ലെന്ന് പരാതി. എൽ.ഡി ക്ളാർക്ക് (കന്നഡ-മലയാളം) റാങ്ക് ലിസ്റ്റ് തയ്യാറാകുന്നതുവരെ റവന്യുവിലെ നിയമനം നീട്ടിവെക്കുകയാണെന്ന് ഇതിനകം ആരോപണം ഉയർന്നുകഴിഞ്ഞു.

പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് കാട്ടുന്ന മടിയാണ് നിയമനം നടക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം. കാസർകോട്ടെ വിവിധ വില്ലേജ് ഓഫീസുകളിൽ ഒഴിവുകളുണ്ടായിരിക്കെയാണ് ഈ അപ്രഖ്യാപിത വിലക്ക്. ഭാഷ ന്യൂനപക്ഷ മേഖലകളായ കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിലെ എൽ ഡി ക്ലാർക്ക് തസ്തികകൾ ആവശ്യകതയ്ക്ക് അനുസരിച്ചു പുനർനിർണയിക്കണമെന്ന് 1977 ലെ സർക്കാർ ഉത്തരവ് നിലനിൽക്കുന്നുമുണ്ട്.

ഭാഷ ന്യുനപക്ഷ പ്രദേശമല്ലാത്ത ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഒഴിവുകൾ പോലും റിപ്പോർട്ട്‌ ചെയ്യാതെ എല്ലാ ഒഴിവുകളും നിലവിലില്ലാത്ത ഒരു ലിസ്റ്റിന് വേണ്ടി മാറ്റിവെക്കുന്നുവെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. എൽ.ഡി.ക്ളാർക്ക് റാങ്ക് പട്ടികയിലെ ആദ്യസ്ഥാനക്കാർക്ക് വരെ നിയമനം ലഭിക്കാൻ ഇതുമൂലം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ഇവർ പരിതപിക്കുന്നു.

കളക്ടറെ തിരുത്തിയ ട്രിബ്യൂണൽ

2020ൽ ഭാഷ ന്യൂനപക്ഷ മേഖലയിലെ മൊത്തം ക്ലാർക്ക് തസ്തികകളുടെ 50 ശതമാനം കന്നഡ-മലയാളം വിഭാഗത്തിനായി മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരിവിട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ തസ്തികകൾ മാറ്റി വച്ചാൽ കൂടുതൽ ഉദ്യോഗാർഥികൾ ഉൾപ്പെടുന്ന എൽ ഡി ക്ലാർക്ക് (വിവിധം ) റാങ്ക് ലിസ്റ്റിനെ സാരമായി ബാധിക്കുമെന്ന് കാട്ടി ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിനെ സമീപിച്ചിച്ച് അനുകൂല ഉത്തരവ് നേടിയതാണ്. കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ ട്രിബ്യുണൽ എല്ലാ വകുപ്പിലെയും 50 ശതമാനം ഒഴിവുകൾ മാറ്റിവെക്കേണ്ടതില്ലെന്നും തസ്തികകൾ പുനർനിർണയിക്കണമെന്നും ഉത്തരവിടുകയായിരുന്നു.ഇതിനെ തുടർന്ന് റവന്യു വകുപ്പിലെ 53 പോസ്റ്റുകൾ കന്നഡ - മലയാളം തസ്തികയ്ക്കായി പുനർനിർണയിച്ച് ഭാഷാ ന്യുനപക്ഷ വിഭാഗത്തിനായി മാറ്റിവെച്ചു. ഇത്തരത്തിലൊരു റാങ്ക് ലിസ്റ്റ് ഇല്ലാതിരിക്കെ 31 ഒഴിവുകൾ ഉടൻ നികത്തണമെന്നാണ് എൽ.ഡി.ക്ളാർക്ക് റാങ്ക് പട്ടികയിൽ പെട്ടവരുടെ ആവശ്യം.

Advertisement
Advertisement