''ചെട്ടികുളങ്ങര'' ഡോക്യുമെന്ററി പ്രദർശനം ഇന്നു മുതൽ

Saturday 18 February 2023 1:38 AM IST
അനി മങ്ക്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ആഘോഷത്തിന്റെ ആദ്യാവസാനമുള്ള ചടങ്ങുകളും പൈതൃകവും ലോകശ്രദ്ധയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഷോർട്ട് ഫിലിം സംവിധായകൻ കായംകുളം എരുവ വേലിയിൽ വടക്കതിൽ അനി മങ്ക് (47) സംവിധാനം ചെയ്ത 'ചെട്ടികുളങ്ങര - ദി ട്രഡീഷണൽ ഫെസ്റ്റിവൽ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് കുത്തിയോട്ട ഭവനമായ കായംകുളം പരിപ്ര ജിതേഷ് ഉണ്ണിത്താന്റെ വീട്ടിൽ കുത്തിയോട്ട ആശാൻ നാരായണപിള്ള യൂടൂബ് റിലീസിന്റെ സ്വിച്ച് ഓൺ നിർവഹിക്കും.

ഒരു വർഷത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ്, ഉളികുത്ത് മുതൽ ഭഗവതി അനുഗ്രഹം ചൊരിയുന്ന അവസാന ചടങ്ങ് വരെ ചിത്രീകരിച്ചിരിക്കുന്നത്. മൾട്ടി കാമറകൾ ഉപയോഗിച്ചായിരുന്നു കുംഭഭരണി ചിത്രീകരണം. ആയിരം വർഷത്തിലധികം പഴക്കമുള്ള ഉത്സവം ഇന്നും തനതായ ശൈലിയിൽ എല്ലാ ആചാരങ്ങളും പാലിച്ചാണ് നടത്തിവരുന്നത്. ലോക പൈതൃക കാഴ്ചകളിൽ ചെട്ടികുളങ്ങര ഭരണിയും ഉൾപ്പെടണം എന്ന ചിന്തയാണ് ഡോക്യുമെന്ററിയിലെത്തിയത്. പതിനഞ്ചാം വയസ്സ് മുതൽ മുടക്കം വരാതെ ഭരണിയുടെ ഭാഗമായിട്ടുണ്ടെന്ന് അനി പറയുന്നു. മതത്തിന് അതീതമായി കാർഷിക സംസ്ക്കാരത്തിന്റെ നേർക്കാഴ്ച്ച കൂടിയായ ചെട്ടികുളങ്ങര ഭരണി കാണാൻ വർഷങ്ങളായി ഭാര്യ ജെസിയയും മക്കളായ ആദിലും അച്ചുവും ഒപ്പമുണ്ട്. പരമ്പരാഗതമായ കുത്തിയോട്ടം, കുതിരമൂട്ടിൽ കഞ്ഞി തുടങ്ങി ശിവരാത്രി മുതൽ ഭരണി നാൾ വരെയുള്ള എല്ലാ ചടങ്ങുകളും പന്ത്രണ്ട് മിനിട്ട് നീളുന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സബ് ടൈറ്റിലോട് കൂടിയ ചിത്രം വിധു അഞ്ചലാണ് നിർമ്മിച്ചിരിക്കുന്നത്. കാമറ ജി.കൃഷ്ണയും എഡിറ്റിംഗ് ജിതിൻ ചെറിയാനും ഫെഹിദാ മുംതാസുമാണ് നിർവഹിച്ചത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നൽകിയിരിക്കുന്നത് ആലപ്പുഴ ജനറൽ ആശുപത്രി നെഫ്രോളജി വിഭാഗത്തിലെ ഡോ.ഷെബീർ മുഹമ്മദാണ്. മൺസൂൺ മീഡിയ യൂടൂബ് ചാനൽ വഴിയാണ് റിലീസ്.