കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം: ഒമ്പത് മരണം

Saturday 18 February 2023 1:50 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാനെ ഞെട്ടിച്ച് കറാച്ചിയിലെ പൊലീസ് മേധാവിയുടെ ഓഫീസിനും സമീപത്തെ പൊലീസ് സ്റ്റേഷനും നേരേ ഭീകരാക്രമണം. ശക്തമായ ഗ്രനേഡ് സ്ഫോടനത്തിലും വെടിവയ്പിലും ഒരു പൊലീസുകാരനും രണ്ട് അർദ്ധസൈനിക സുരക്ഷാ ജീവനക്കാരും അടക്കം നാല് പേർ മരിച്ചു. രണ്ട് ഭീകരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. മൂന്ന് ഭീകരർ സ്വയം പൊട്ടിത്തെറിച്ചു. 18 പൊലീസുകാർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ഏറ്റെടുത്തു.

ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.40ഓടെ ആയുധ ധാരികളായ ഭീകരർ ഷരിയ ഫൈസലിലെ അതീവ സുരക്ഷാ മേഖലയിലേക്ക് പൊലീസ് യൂണിഫോമിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. ഭീകരരുടെ എണ്ണം വ്യക്തമല്ല. എട്ടോളം പേർ ഉണ്ടായിരുന്നതായി ചില പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സമയം രാത്രി 11.18ഓടെ അഞ്ച് നില ആസ്ഥാന കെട്ടിടത്തിൽ നിന്ന് ഭീകരരെ പൂർണമായും തുരത്തിയെന്ന് പൊലീസ് അറിയിച്ചു.

ആക്രമണ സമയം പൊലീസ് മേധാവിയുൾപ്പെടെയുള്ള 30ഓളം ഉദ്യോഗസ്ഥർ കെട്ടിടത്തിലുണ്ടായിരുന്നെന്നും ഇവരെ ഭീകരർ ബന്ദികളാക്കിയെന്നും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി വിതരണം വിച്ഛേധിക്കപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം പൊലീസ് സീൽ ചെയ്തു. ആക്രമണത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അപലപിച്ചു.

ജനുവരി 30ന് പെഷവാറിൽ പൊലീസ് ആസ്ഥാനത്തോട് ചേർന്ന മുസ്ലിം പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ 83 പൊലീസുകാർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് അടുത്ത ആക്രമണം. പൊലീസ് വേഷത്തിലെത്തിയ ചാവേർ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ ആദ്യം ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞിരുന്നു. അടുത്തിടെയായി പാക് പൊലീസിന് നേരെയുള്ള ഭീകരാക്രമണങ്ങൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. തങ്ങളുടെ ജീവന് സുരക്ഷയില്ലെന്ന് കാട്ടി പാക് പൊലീസുകാർ പ്രതിഷേധിച്ചിരുന്നു.