കർഷകദ്രോഹ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം: രാവുലു വെങ്കയ്യ

Saturday 18 February 2023 2:27 AM IST

തൃശൂർ: മോദി സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രസിഡന്റ് രാവുലു വെങ്കയ്യ പറഞ്ഞു.

കർഷകരെ രക്ഷിക്കൂ... കൃഷിയെ സംരക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നിന്നും കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണിയുടെയും കാസർകോട് നിന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായരുടെയും നേതൃത്വത്തിൽ ആരംഭിച്ച ജാഥകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷക രക്ഷായാത്രകളിലൂടെ കർഷകരെയും അവരുടെ പ്രശ്‌നങ്ങളും പഠിക്കാൻ സാധിക്കും. ഓരോ വർഷവും കാർഷിക മേഖലയ്ക്ക് അനുവദിക്കുന്ന ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വർഷാവർഷം 500 കോടി വീതം വെട്ടിക്കുറച്ച് കാർഷിക മേഖലയ്ക്ക് അനുവദിക്കുന്നത് വളരെ ചെറിയ തുകയാണ്. താങ്ങുവിലയും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. കിസാൻ സഭ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ചാൻ ഉൾപ്പെട്ട സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം എം.എസ്.പി, നെറ്റ് റിലീഫ് ഗ്യാരണ്ടിയും കർഷകർക്കായി നടപ്പിലാക്കേണ്ടതുണ്ടെന്നും രാവുലു പറഞ്ഞു. സംഘാടക സമിതി കൺവീനർ മുൻമന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, തെക്കൻ മേഖലാ ജാഥ ക്യാപ്റ്റൻ വി.ചാമുണ്ണി, വൈസ് ക്യാപ്റ്റൻ എ.പി.ജയൻ, മാത്യു വർഗീസ്, അഡ്വ.ജോയിക്കുട്ടി ജോസ്, ഇ.എൻ.ദാസപ്പൻ, ആർ.ചന്ദ്രിക, അഡ്വ.ജെ.വേണുഗോപാലൻ നായർ, എ.പ്രദീപൻ തുടങ്ങിയവർക്ക് സ്വീകരണം നൽകി. എ.ഐ.കെ.എസ് ദേശീയ സെക്രട്ടറി സത്യൻ മൊകേരി, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, കെ.കെ.വത്സരാജ്, കെ.പി.സന്ദീപ്, ഷീല വിജയകുമാർ, രാകേഷ് കണിയാംപറമ്പിൽ, ഇ.എം.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.