ഫോണിലൂടെയുള്ള അവധിക്ക് അപ്രഖ്യാപിത വിലക്ക്

Saturday 18 February 2023 2:30 AM IST

തൃശൂർ : കോന്നി കൂട്ട അവധി വിവാദമായതോടെ സർക്കാർ സ്ഥാപനങ്ങളിൽ ഫോണിലൂടെയുള്ള അവധിക്ക് അപ്രഖ്യാപിത വിലക്ക്. ലീവ് അനുവദിക്കേണ്ട ഉദ്യോഗസ്ഥർ ഫോണിലൂടെ അവധിക്ക് അപേക്ഷിച്ചാൽ അനുവദിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ ഫോണിലൂടെ അവധി വിളിച്ചു പറയുകയും പിറ്റേന്ന് ചെന്ന് അവധി അപേക്ഷ നൽകുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കോന്നിയിൽ കൂട്ട അവധി വിവാദമായതോടെ, നേരിട്ട് വന്ന് അവധി അപേക്ഷ നൽകിയാലേ അനുവദിക്കൂവെന്ന നിലപാടെടുത്തത്. ആശുപത്രി, മരണം തുടങ്ങി അടിയന്തര സാഹചര്യങ്ങളിലുള്ള അവധി മാത്രമാണ് ഇപ്പോൾ പല സർക്കാർ ഓഫീസുകളിലും നൽകുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലും കൂട്ട അവധി വിവാദം ഉയർന്നിരുന്നു. 19 ജീവനക്കാരാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി വയനാട്ടിലേക്ക് യാത്ര പോയത്. 60 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്.