ശിവ പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായി ക്ഷേത്രങ്ങൾ
വടക്കുന്നാഥനിൽ കൂട്ടിയെഴുന്നള്ളിപ്പ്
തൃശൂർ : ശിവരാത്രിയോട് അനുബന്ധിച്ച് വടക്കുന്നാഥൻ, മമ്മിയൂർ ശിവക്ഷേത്രം, മുതുവറ ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, തൃക്കൂർ മഹാദേവ ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, അശോകേശ്വരം തുടങ്ങി വിവിധ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം നടക്കും. നാളെ പുലർച്ചെ മുതൽ സ്‌നാനഘട്ടങ്ങളിൽ പിതൃതർപ്പണ ചടങ്ങും നടക്കും. വടക്കുന്നാഥനിൽ രാവിലെ എട്ടിന് കക്കാട് രാജപ്പൻമാരാരുടെ നേതൃത്വത്തിൽ തായമ്പക നടക്കും. മൂന്നിന് കൂത്ത് അരങ്ങേറും. വൈകീട്ട് ആറിന് ലക്ഷദീപം തെളിക്കും. രാത്രി ഏഴുമുതൽ ശിവരാത്രി ഒരിക്കൽ ഭക്ഷണ വിതരണം ആരംഭിക്കും. രാത്രി ഒമ്പതിന് തായമ്പക നടക്കും. എട്ടരയോടെ ദേവീദേവൻമാരുടെ വടക്കുന്നാഥക്ഷേത്രത്തിലേക്കുള്ള വരവ് ആരംഭിക്കും. പൂരത്തിൽ പങ്കാളികളായ 10 ദേവീദേവൻമാരും അശോകേശ്വരം തേവരുമാണ് വടക്കുന്നാഥക്ഷേത്രത്തിൽ എത്തുക. 1.15ന് നടക്കുന്ന തൃപ്പുകയ്ക്കു ശേഷം കൂട്ടിയെഴുന്നള്ളിപ്പും അരങ്ങേറും. ശിവരാത്രി മണ്ഡപത്തിൽ രാവിലെ ഏഴുമുതൽ കലാപരിപാടികൾ ആരംഭിക്കും. ഞായറാഴ്ച പുലർച്ചെ 2.30 വരെ പരിപാടികൾ നടക്കും. മുതുവറ ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ പ്രത്യേക പൂജകൾ നടക്കും. ആറാട്ടുപുഴ മന്ദാരംകടവിൽ നാളെ വൈകീട്ട് 6.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പുലർച്ചെ 12.30 മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ശിവരാത്രി ദിവസം വടക്കുന്നാഥ ക്ഷേത്രം മഹാപ്രദക്ഷിണ വഴിയിലൂടെ മഹാപരിക്രമ നടത്തും. രാവിലെ ഏഴിന് ശ്രീമൂലസ്ഥാനത്തുനിന്നാരംഭിക്കുന്ന പരിപാടി സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും.