ഹരിയാനയിൽ കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ; പശുക്കടത്ത് ആരോപിച്ച് കൊലയെന്ന് സംശയം

Saturday 18 February 2023 2:51 AM IST

മരിച്ചത് രാജസ്ഥാനിൽ നിന്ന് കാണാതായ യുവാക്കൾ

ന്യൂഡൽഹി:രാജസ്ഥാനിൽ നിന്ന് ബുധനാഴ്ച്ച കാണാതായ രണ്ട് മുസ്ലീം യുവാക്കളുടെ മൃതദേഹങ്ങൾ ഹരിയാനയിൽ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്‌ച രാവിലെ കണ്ടെത്തി. പശുക്കടത്ത് ആരോപിച്ച് ചുട്ടു കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭരത്പൂർ ജില്ലയിലെ ഘട്മീക ഗ്രാമവാസികളായ നസീർ (25), ജുനൈദ് എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ ആറ് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. ഒരാളെ ചെയ്തതായും ഹരിയാന, രാജസ്ഥാൻ പൊലീസ് സംയുക്ത അന്വേഷണം നടത്തുകയാണെന്നും രാജസ്ഥാൻ മുഖമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

ജുനൈദിനെതിരെ അഞ്ച് പശു ക്കടത്ത് കേസുകളുണ്ടെന്ന് ഭരത്പൂർ ഐ.ജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു. നസീറിന് ക്രിമിനൽ പശ്ചാത്തലമിമില്ല. പശുക്കടത്തിന്റെ പേരിലുള്ള കൊലപാതകമാണോ കാറിൽ തീപിടിച്ചുണ്ടായ അപകടമാണോ എന്ന് അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച്ച രാത്രി ബൊലോറ കാറിൽ വരികയായിരുന്ന ഇരുവരെയും എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വീട്ടുപകരണങ്ങൾ വാങ്ങാൻ അടുത്ത ഗ്രാമത്തിൽ പോയതായിരുന്നു. മൃതദേഹം മാന്യമായി സംസ്കരിക്കാനുള്ള അവസരം പോലും തന്നില്ല.ഭരത്പൂരിൽ നിന്ന് 200 കിലോമീറ്റർ ദൂരെ ഹരിയാനയിലെ ദിവാനി ജില്ലയിലെ ലോഹറുവിൽ കൊണ്ടുപോയി വാഹനത്തോടെ കത്തിച്ചെന്നാണ് സംശയിക്കുന്നത്. കാറുടമ അസീൻ ഖാൻ കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ്.

മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകൾ രാജസ്ഥാൻ മന്ത്രി സന്ദർശിച്ചു. കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകും.

പ്രതികളിൽ ഒരാളായ മൊഹിത് യാദവ് എന്ന മോനു മനേസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആരോപണങ്ങൾ നിഷേധിച്ചു. സംഭവ സമയത്ത് ഗുഡ്ഗാവിലെ ഒരു ഹോട്ടലിലായിരുന്നു താനെന്ന് അവകാശപ്പെട്ടു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും മൊഹിത് പറയുന്നു.

2011 ൽ ജില്ലാ കോർഡിനേറ്ററായി ബജ്‌റംഗ് ദളിൽ ചേർന്നതാണ് മൊഹിത് യാദവ്. സംഭവത്തിൽ ബജ്‌റംഗ് ദളിന് പങ്കില്ലെന്ന് വിശ്വഹിന്ദു പരിഷത് കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിൻ പറഞ്ഞു. പ്രാഥമികാന്വേഷണം പോലും നടത്താതെ ബജ്‌റംഗ് ദളിന്റെ പേര് വലിച്ചിഴച്ചതിൽ ഗെഹലോട്ട് സർക്കാർ മാപ്പ് പറയണമെന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.