അംഗീകരിച്ച് തിര.കമ്മിഷൻ:​ ഷിൻഡെ വിഭാഗം ഔദ്യോഗിക ശിവസേന

Saturday 18 February 2023 2:55 AM IST

 രാഷ്‌ട്രീയപാർട്ടികൾക്ക് ഉൾപാർട്ടി ജനാധിപത്യം നിർബന്ധം

ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക‌്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷത്തെ ശിവസേനയുടെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അവർക്ക് പാർട്ടിയുടെ ചിഹ്‌നമായ അമ്പും വില്ലും അനുവദിച്ചു. പാർട്ടി സ്ഥാപകനായ ബാലസാഹബ് താക്കറെയുടെ മകനായ മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയാണ് തീരുമാനം. ഉദ്ധവിന് കമ്മിഷൻ നേരത്തെ അനുവദിച്ച ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും ചിഹ്‌നമായി തീപ്പന്തവും തുടർന്നും ഉപയോഗിക്കാം.

തിരഞ്ഞടുപ്പ് കമ്മിഷൻ പറയുന്നത്:

നിലവിലെ ശിവസേനയുടെ ഭരണഘടന ജനാധിപത്യവിരുദ്ധം. തെരഞ്ഞെടുപ്പില്ലാതെ ഒരു കൂട്ടം ആളുകളെ ഭാരവാഹികളാക്കുന്നത് അംഗീകരിക്കാനാകില്ല.

എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ ധാർമികതയും ഉൾപ്പാർട്ടി ജനാധിപത്യ തത്വങ്ങളും പ്രതിഫലിപ്പിക്കണം. തിരഞ്ഞെടുപ്പ് നടത്തൽ, ഭരണഘടനയുടെ പകർപ്പ്, ഭാരവാഹികളുടെ പട്ടിക തുടങ്ങിയ സംഘടനാപരമായ വിശദാംശങ്ങൾ വെബ്‌സൈറ്റുകളിൽ പതിവായി വെളിപ്പെടുത്തണം. ഭാരവാഹികളെ സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സ്വതന്ത്രവും നീതിയുക്തവുമായ നടപടിക്രമങ്ങൾ വേണം.

ശിവസേനയുടെ 2018-ൽ ഭേദഗതി ചെയ്ത ഭരണഘടന കമ്മിഷന് നൽകിയിട്ടില്ല. 1999ലെ ഭേദഗതികൾ ഭരണഘടനയിൽ ജനാധിപത്യപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കി. കമ്മിഷന്റെ അംഗീകാരമില്ലാത്ത ചട്ടങ്ങൾ തിരികെ കൊണ്ടുവന്നു.
1999-ൽ ബാലാ സാഹെബ് താക്കറെയെ ആജീവനാന്ത സേനാ നേതാവാക്കാൻ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിക്കാനാകില്ല. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്‌ട്രൽ കോളേജിനെ സ്വയം നാമനിർദ്ദേശം ചെയ്യാൻ പാർട്ടി ഭരണഘടന വിഭാവനം ചെയ്യുന്നു. ഒരു വ്യക്തിക്ക് വിവിധ സംഘടനാ നിയമനങ്ങൾ നടത്തുന്നതിനുള്ള വ്യാപകമായ അധികാരങ്ങൾ നൽകുന്നതാണ് ഭരണഘടന.

ഷിൻഡെ വിഭാഗത്തെ പിന്തുണയ്‌ക്കുന്ന 40 എം.എൽ.എമാരും 13 എംപിമാരും നേടിയ വോട്ടുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുത്തു. ഉദ്ധവിന് 15 എംഎൽഎമാരുടെയും അഞ്ച് എംപിമാരുടെയും മാത്രം പിന്തുണയാണുള്ളത്.

നാൾ വഴി:

2022 ജൂലായിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷ എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള പിളർപ്പ്.

 ബി.ജെ.പിയുടെ സഹായത്തോടെ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിച്ചു

 തിരഞ്ഞെടുപ്പ് കമ്മിഷൻ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ചു.

ഒക്‌ടോബറിൽ ഷിൻഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ "ബാലാസാഹെബാഞ്ചി ശിവസേന"(ബാലാസാഹെബിന്റെ ശിവസേന) എന്ന പേരും ചിഹ്നമായി 'രണ്ട് വാളും പരിചയും" ഉദ്ധവ് താക്കറെ വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും തിപ്പന്തം ചിഹ്‌നവും നൽകി.

അമ്പും വില്ലും മരവിപ്പിച്ചതിനെതിരെ ഉദ്ധവ് വിഭാഗം ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.

പ്രതികരണങ്ങൾ:

ഏക്‌നാഥ് ഷിൻഡെ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി

സത്യത്തിന്റെ വിജയം. ജനാധിപത്യത്തിൽ ഭൂരിപക്ഷമാണ് പ്രധാനം. ഞങ്ങൾ നടത്തിയ സമരത്തിന്റെ വിജയമാണ്.
ഞങ്ങൾ ബാലാസാഹെബിന്റെ ചിന്തകൾ മുന്നോട്ട് കൊണ്ടുപോകുകയും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുകയും ചെയ്യും. ഇത് ബാലാസാഹെബിന്റെ ചിന്തകളുടെയും വിജയമാണ്.

കേന്ദ്രമന്ത്രി നാരായൺ റാണെ
യഥാർത്ഥ ശിവസേന പ്രവർത്തകനുള്ള അംഗീകാരം. ശിവസേന ഒരു കുടുംബ പാർട്ടിയല്ലെന്ന് തെളിഞ്ഞു.


ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ് ഉപമുഖ്യമന്ത്രി
ഏകനാഥ് ഷിൻഡെയുടെ ശിവസേന യഥാർത്ഥ സേനയാണെന്ന് ഞങ്ങൾ ആദ്യ ദിവസം മുതൽ പറയുന്നു. ശിവസേന പ്രത്യയശാസ്ത്രത്തിന്റെ പാർട്ടിയാണ്. കുടുംബത്തിന്റെ പാർട്ടിയല്ല.


സഞ്ജയ് റാവത്ത്, സേനാ ഉദ്ധവ് പക്ഷം
ഞങ്ങൾ ജനകീയ കോടതിയിൽ പോകും. നിയമപോരാട്ടം തുടരും. യഥാർത്ഥ ശിവസേനയെ ഉയർത്തിക്കൊണ്ടുവരും.

ക്ലൈഡ് ക്രാസ്റ്റോ, എൻ.സി.പി

അപകടകരമായ തീരുമാനം. ഇന്ന് സംഭവിച്ചത് ബി.ജെ.പി ഉൾപ്പെടെ ഏത് രാഷ്ട്രീയ പാർട്ടിക്കും സംഭവിക്കാം.

Advertisement
Advertisement