ഇസ്ലാമാബാദിനെ വിറപ്പിച്ച് പുലി

Saturday 18 February 2023 6:37 AM IST

കറാച്ചി : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് പുലി. ഒരു വീട്ടിൽ വളർത്തിയിരുന്ന പുലി വ്യാഴാഴ്ച വൈകിട്ട് കൂട്ടിൽ നിന്ന് പുറത്തുചാടുകയായിരുന്നു. മണിക്കൂറുകളോളം തെരുവുകളിലൂടെ ഓടിയ പുലിയെ അധികൃതർ രാത്രിയോടെ മയക്കുവെടി വച്ച് പിടികൂടി.

പുലി വാഹനങ്ങൾക്കിടെയിലൂടെ ഓടുന്നതിന്റെയും കാൽനടയാത്രക്കാർക്ക് മേൽ ചാടി വീഴുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആറ് പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. മൂന്ന് വയസുണ്ടെന്ന് കരുതുന്ന ഈ പുലിയുടെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്ത് പുലി, കടുവ തുടങ്ങിയ ജീവികളെ വളർത്താനായി ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ വർഷം വിലക്കേർപ്പെടുത്തിയിരുന്നു.

പുലിയെ ഇസ്ലാമാബാദിലെ ഒരു പഴയ മൃഗശാലയിലേക്ക് മാറ്റി. മൃഗങ്ങളോട് ക്രൂരമായി പെരുമാറിയതിന്റെ പേരിൽ 2020ൽ അടച്ചുപൂട്ടിയതാണിവിടം. എന്നാൽ സമീപകാലത്ത് വനം വകുപ്പ് അധികൃതർ രക്ഷിച്ച ഏതാനും വന്യജീവികളെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു കരടി, കടുവ, കുരങ്ങുകൾ തുടങ്ങിയവ പുലിക്ക് കൂട്ടായുണ്ട്. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും നിരവധി പേർ വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളെ പോലെ സംരക്ഷിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ കണ്ടെത്തുമെന്നും അധികൃതർ പറയുന്നു.