ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ സ്ഥിരീകരിച്ചു

Saturday 18 February 2023 6:37 AM IST

ലോസ്ആഞ്ചലസ് : ഹോളിവുഡ് ആക്ഷൻ സൂപ്പർ താരം ബ്രൂസ് വില്ലിസിന് തലച്ചോറിലെ തകരാർ മൂലമുണ്ടാകുന്ന ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ ബാധിച്ചെന്ന് കുടുംബം സ്ഥിരീകരിച്ചു. രോഗം ചികിത്സിച്ച് മാറ്റാനാകില്ലെന്നും ഭാവിയിൽ പുരോഗതികളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ഭാര്യ എമ്മ ഹെമിംഗ്, മുൻ ഭാര്യ നടി ഡെമി മൂർ, മക്കൾ എന്നിവർ ചേർന്ന് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ ബാധിച്ചവരിൽ ഭാഷ, പെരുമാറ്റം, ആശയവിനിമയം, ചലനം എന്നിവയിൽ മാറ്റങ്ങളുണ്ടാകുന്നു.

കഴിഞ്ഞ ഏപ്രിലിൽ 67കാരനായ ബ്രൂസ് തലച്ചോറിലെ കോശങ്ങളുടെ നാശം മൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്ന ' അഫേസിയ " രോഗം ബാധിച്ചതിനെ തുടർന്ന് അഭിനയം നിറുത്തിയിരുന്നു. സംസാരിക്കാനും എഴുതാനും മറ്റുള്ളവരോട് പെരുമാറാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് അഫേസിയ ബാധിക്കുന്നത്. മസ്തിഷ്കത്തിന്റെ ഭാഷ, ഗ്രഹണ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തിനുണ്ടാകുന്ന കേടുപാടുകളാണ് ഈ വൈകല്യത്തിലേക്ക് നയിക്കുന്നത്. സ്ട്രോക്ക് ബാധിക്കുന്നവരിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.

1980 മുതൽ അഭിനയം തുടങ്ങിയ ബ്രൂസ് ഡൈ ഹാർഡ്, പൾപ് ഫിക്‌ഷൻ, ആർമഗെഡൻ, ദ സിക്‌സ്‌ത്ത് സെൻസ്, അൺബ്രേക്കബ്‌ൾ, ദ എക്സ്പെൻഡബ്‌ൾസ്, എക്സ്ട്രാക്ഷൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഡൈ ഹാർഡ് പരമ്പരയിലെ ജോൺ മക്ലേൻ എന്ന കഥാപാത്രമാണ് ഗായകൻ കൂടിയായ ബ്രൂസിനെ ലോകപ്രശസ്തനാക്കിയത്.

Advertisement
Advertisement