ഭൂകമ്പത്തിൽ രക്ഷപ്പെട്ട ഏഴംഗ കുടുംബത്തിന് തീപിടിത്തത്തിൽ ദാരുണാന്ത്യം
ഇസ്താംബുൾ : ഭൂകമ്പത്തെ അതിജീവിച്ച ഏഴംഗ സിറിയൻ വംശജരായ കുടുംബത്തിന് തീപിടിത്തത്തിൽ ദാരുണാന്ത്യം. 4 മുതൽ 13 വയസ് വരെ പ്രായമുള്ള അഞ്ച് കുട്ടികളും ഇവരുടെ അച്ഛനും അമ്മയുമാണ് മരിച്ചത്. തെക്ക് കിഴക്കൻ തുർക്കിയിലെ നർദാഗി നഗരത്തിൽ കഴിഞ്ഞിരുന്ന ഇവർ ഫെബ്രുവരി 6ന് ഭൂകമ്പമുണ്ടായതിന് പിന്നാലെ മദ്ധ്യ തുർക്കിയിലെ കോന്യയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് മാറി. ഇവിടെ ഇവർ താമസിച്ച വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അതേ സമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,000ത്തോട് അടുത്തു. ഇതിൽ 38,000ത്തിലേറെ പേർ തുർക്കിയിലും 6,000ത്തോളം പേർ സിറിയയിലും കൊല്ലപ്പെട്ടു. അതിനിടെ, ഭൂകമ്പമുണ്ടായി 11 ദിവസങ്ങൾക്ക് ശേഷം 14 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് പുറത്തെടുത്തെന്ന് തുർക്കി ഇന്നലെ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.